"ഓര്‍മ്മയുടെ ഒരു കൊള്ളിയാന്‍ ................"

 ആമി
.................................................................................
ഒരുകാലത്ത് ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിരുന്നു, എണ്ണമില്ലാത്ത, രെസമുള്ളതും വിരസതയുളവാക്കുന്നതും ഒക്കെ...... അങ്ങനെ വായിച്ച പുസ്തകങ്ങളില്‍ ചിലതൊക്കെ ഓര്‍മയുണ്ട്...
ചിലതൊക്കെ അപൂര്‍ണമായ ഒരു ഓര്‍മ മാത്രം ബാക്കി വെച്ചു പോയി...

പണ്ട് പണ്ട് ആ ഗ്രാമത്തില്‍ ഒരു ബസ്‌ സ്റ്റോപ്പ്‌ ഉണ്ടായിരുന്നു, ഗ്രാമത്തിന്‍റെ ആകെയുള്ള ഗതാഗതം ആ ബസ്‌ മാത്രം ആയിരുന്നു. കഥാനായകന്‍ ആ ബസില്‍ വന്നിറങ്ങും. എവിടെ? ആ സ്റ്റോപ്പില്‍ . അതിന്‍റെ പിറകില്‍ ഒരു ചായപീടിക ഉണ്ടാവും. ഒരു വൃദ്ധന്‍ ചായക്കടക്കാരനും. കാണുന്നുണ്ടോ?
ഒന്നുരണ്ടു ചീഞ്ഞ പഴങ്ങള്‍ മാത്രം ഉള്ള ഒരു കുലയും, കണ്ണാടി പെട്ടിയില്‍ എണ്ണ കനച്ച ചില പലഹാരങ്ങളും, പിന്നെ ബീഡി കെട്ടുകളും അവ പുകക്കാന്‍ വെച്ചിരിക്കുന്ന ചെറിയ റാന്തലും പേപ്പര്‍ കഷ്ണങ്ങളും...
കണ്ടോ?
ഓര്‍ക്കുന്നുണ്ടോ?
വന്നിറങ്ങിയ കഥാനായകന്‍ ആ ഗ്രാമത്തില്‍ ബാല്യം കഴിച്ചിരുന്നതായിരുന്നു... ബസ്‌ നിക്കുന്ന റോഡ്‌ മുന്നോട്ടില്ല, റോഡിന്‍റെ അറ്റത്തുനിന്ന് പാടത്തിന്‍റെ വരമ്പ് തുടങ്ങും.. ആ പാടത്തിന്‍റെ ആത്മാവിനെ കീറിമുറിച്ചു ഒരു ചാലും.. പാടത്തിന്‍റെ അറ്റത്താവും ഈ വന്നിറങ്ങിയ ആളുടെ പഴയ തറവാട്...

ഒരു മുറ്റവും, മുറ്റത്ത് ഒരു മാവും ഉണ്ടാരുന്നു, വീടിന്‍റെ ഉമ്മറത്ത്, അവിടെ ഓടികളിച്ചു നടന്നിരുന്നു ഒരു ഉണ്ണി, അതിനെ മാംപൂ നുള്ളിയതിനു അമ്മ തല്ലിയെന്നും .. അമ്മയോട് പിണങ്ങി പോയ ആ ഉണ്ണിയെ പിന്നെ ആരും കണ്ടില്ലാത്രേ....മറ്റൊരു ഉണ്ണിയെ പൂതംപിടിച്ചോണ്ട് പോയി...എങ്കിലും ധൈര്യശാലിയായ അമ്മ തിരികെ നേടി ഉണ്ണിയെ......

ഒരു കൈസര്‍ ഉണ്ടായിരുന്നു വീട്ടില്‍ , ധൈര്യശാലിയായ ഒരു കൈസര്‍ . അത് ആരെയും വീട്ടിലേക്ക് അടുപ്പിക്കില്ലായിരുന്നുവത്രേ....

ഗ്രാമത്തില്‍ ഒരു കുന്നുണ്ട്... മണല്കൊണ്ടുള്ള കുന്ന്... അതിന്‍റെ ചെരിവില്‍ ഒരു തോടും പിന്നെ കാവും... ആ കാവില്‍ ഏതോ ചാത്തനോ മറുതയോ ഒക്കെ ഉണ്ടെന്നു തോന്നുന്നു. അതോ ഇല്ലേ? കുന്നിന്‍റെ ചെരിവില്‍ മരത്തിന്‍റെ കീഴില്‍ ഒരു മജീദ്‌ വരുമായിരുന്നു, ഏതോ സുഹറയെ അന്വേഷിച്ച് എന്നും കാണും അവര്‍ എന്നാലും അവനെപ്പോഴും സുഹറയെ തിരഞ്ഞു നടന്നു.....

ദുഷ്ടന്മാരായ ജെന്മിമാരുടെ കാല്‍ക്കീഴില്‍ പല പട്ടിണിപ്പാവങ്ങളും ജീവിച്ചു തീര്‍ത്തു ആ ഗ്രാമത്തില്‍ ... ഒരു കുട്ട്യേടത്തി തൊഴുതിരുന്നു ഇടക്ക് ആ കാവില്‍ ...കറുത്ത് കറുത്ത ഒരു കുട്ട്യേടത്തി....ഉണ്ണിക്കൊരു കുഞ്ഞേടത്തിയും ഉണ്ടായിരുന്നു, പിന്നെ കോതമ്പക്കതിരിന്‍റെ നിറമുള്ള പേരറിയാത്ത ഒരു പെണ്‍കിടാവും.....

രാത്രിമഴ...അത് നോക്കി ആരെയോ കാത്തിരിക്കുന്ന ഒരു പെണ്ണും...കുതിരയുടെ കുളമ്പടിയാല്‍ രാത്രിയുടെ നിശബ്ദതയെ കാറ്റില്‍ പറത്തിക്കൊണ്ട് പാഞ്ഞു പോയൊരു രാജകുമാരന്‍ പ്രോക്രൂസ്റ്റസ്സിനെ അടിച്ചു വീഴ്ത്തി, യവനചരിത്രാതീത യുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി ഒരു അനശ്വര നക്ഷത്രക്കതിരായത് കണ്ടു ആ പെണ്‍കുട്ടി......

ഇപ്പൊ അവസാനിച്ചുവോ ഓര്‍ത്തതെല്ലാം?? ഇല്ലെന്നു തോന്നുന്നു...ഓര്‍ത്തു തുടങ്ങിയപ്പോള്‍ ഒരുപാടുണ്ടായിരുന്നു...ഇപ്പൊ ഇരുട്ടായി വീണ്ടും... പണ്ടൊരു രാജാവിന്‍റെ യൌവ്വനം മകനില്‍ നിന്നും ദാനം കിട്ടിയതായിരുന്നു അത്രേ, അവരും ജീവിച്ചത് ഈ മണ്ണില്‍ തന്നെയായിരുന്നു......

എന്നും രണ്ടാമൂഴത്തില്‍ തളച്ചിട്ട വിദ്വാന്‍റെ കാലടി ഉണ്ട് ഒരു കരിങ്കല്‍ പാറയുടെ മുകളില്‍ ......കയറുപിരിക്കുന്ന ഏതോ പെണ്ണുങ്ങള്‍ വള കിലുക്കി ശബ്ദമുണ്ടാക്കുന്നു കേള്‍ക്കാമോ? അയാള്‍ ഉണ്ടല്ലോ ബസ്‌ വന്നിറങ്ങിയ ആള്‍ , ആളുടെ അടുത്തേക്ക് ഒരു ചന്ദനക്കട്ടില്‍ കൊണ്ടുവന്നു....ആള്‍ വാങ്ങി അതിലായി ഉറക്കം...കേമം അല്ലെ....കാണാമോ ആളെ? ആളുടെ വീട്ടിലെ മുത്തശ്ശന്‍ കലശലായ ചുമ മൂലം മരിക്കാന്‍ പോവാത്രേ....മുത്തശ്ശന്‍ മുത്തശ്ശിയുടെ കൈപിടിച്ചു ജെന്നലരികില്‍ നില്‍പ്പാണ്..... കാവിലെ കല്ല്‌ പ്രതിഷ്ടയില്‍ ആ കോളേജ് പ്രൊഫെസ്സര്‍ തന്‍റെ ഭാര്യയെ തലക്ക് അടിച്ചു കൊന്നു.....അങ്ങോര്‍ക്ക് ബുദ്ധിഭ്രമം, അല്ലാതെന്താ അല്ലെ?? രഘുവിന്‍റെ ബന്ധു, ആ വീട്ടിലാണ് പേപ്പട്ടി കടിയേറ്റു മരിച്ചത്!! കേള്‍ക്കുന്നില്ലേ ആ മുഴങ്ങുന്ന രോദനം! മനുഷ്യനാണ് എന്നാലും നായയുടെ പോലെ മോങ്ങുന്നു....കഠിനം തന്നെ....
ഒരു കൂട്ടുകാരിയെയും കാണാന്‍ ഇല്ലല്ലോ ഈ വഴിക്കെങ്ങും...ആ കുടിലില്‍ ഒരു ചെക്കന്‍ ഉണ്ടായിരുന്നു അവന്‍റെ പേര് മറന്നു പോയി...അമ്മ മാത്രേ ഉള്ളു അവന്.. പാവങ്ങള്‍ ......

ചിത്രങ്ങള്‍ എല്ലാം മങ്ങി പോവുന്നു...ഇടക്കൊക്കെ വെള്ളിയാങ്കല്ല് കടന്നു വന്ന തുമ്പികളെ പോലെ വേഗതയില്‍ തെന്നി മാറുന്നു....ഓര്‍മയില്‍ ആരോ വെള്ളം കോരി ഒഴിച്ച പോലെ....ഹ്മ്മ്മം ഓളങ്ങള്‍ നിലക്കട്ടെ...അപ്പൊ വീണ്ടും കാണും...ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്ന ആളുകളെ ഒക്കെ കാണും...ഓരോ കുന്നും ഓരോ മരവും ഓരോ വീടും കാണും...ഒക്കെയിടത്തും കയറി ഇറങ്ങാം.....ഭൂമിയിലെ അവകാശികളില്‍ ഒരാള്‍ അല്ലെ ഞാനും....പ്ടും!!!!

1 comments:

Visala Manaskan 28 November 2012 at 19:45  

good one! nice..thudarnnum ezhuthuka

Post a Comment

പുത്തകം .കോം

My photo
ഓര്മ്മയൊഴുക്ക് . "ഒരു നദിയൊഴുകുന്നു ഓര്‍മ്മകളിലൂടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ എന്നിലൂടെ നിന്നിലൂടെ ചേര്‍ത്തുവെക്കാം നമുക്കാ ഓര്‍മ്മയോഴുക്കിനെ www.putthakam.com

www.putthakam.com,

About this blog

Followers

Powered by Blogger.
ജാലകം