തെരേസ
 ഒരുപാട് വലിയ മലകളുടെ ഇടയിലെ ഏറ്റവും ചെറിയ ഒന്നിന്‍റെ ചെരുവിലാണ് ഈ സ്റ്റേഷന്‍.
പാറക്കല്ലുകള്‍ കൂട്ടിയാണ് ഇത് പണിഞ്ഞിരിക്കുന്നത്, പണിയുമ്പോള്‍ എളുപ്പത്തില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ആണ് ഏറ്റവും പൊക്കം കുറഞ്ഞ മലയുടെ ചെരിവില്‍ ഇതിനായി സ്ഥലം കണ്ടെത്തിയത്. സ്റ്റേഷന്‍റെ ഒരു വശത്ത് വൃത്താകൃതിയിലുള്ള ഒരു ഘടികാരം ഉണ്ട്. ആദ്യമായി താഴെ പട്ടണത്തിലെ അധികാരി വിരുന്നുവന്നപ്പോള്‍ സമ്മാനമായി കൊടുത്തതാണ്. വളരെ വലിയതാണ് അത്. പല തരത്തിലുള്ള ഘടികാരങ്ങള്‍ ഉണ്ടെന്നു കേട്ട് കേള്‍വി, ശരിയാവും. രണ്ടു ബഞ്ചുകള്‍ ഉണ്ട് ഇവിടെ, രണ്ടെണ്ണം മാത്രം. മരത്തടിയില്‍ പണിതത്.
ചിതലും പൂപ്പലും അരിക്കാതെ ഞാനത് എന്നും തുടച്ചു വൃത്തിയാക്കി വെക്കുന്നുണ്ട്.
ഈ സ്റ്റേഷന്‍ മുഴുവന്‍ സൂക്ഷിക്കുന്നത് ഞാനാണ്. നാല് മണിക്കൂറില്‍ ഒരിക്കല്‍ ആണ് തീവണ്ടി വരിക. ഇവിടേക്ക് ടിക്കറ്റ് എടുത്തവര്‍ ഉണ്ടെങ്കിലോ ഇവിടെ നിന്നും ആരെങ്കിലും ടിക്കറ്റ് എടുത്താലോ മാത്രമേ വണ്ടി നിര്‍ത്തൂ. അല്ലെങ്കില്‍ എന്‍റെ രൂപം പതിയുന്ന കണ്ണാടി ജനലാകള്‍ തെന്നി നീക്കി അവര്‍ കടന്നു പോവും. സ്റ്റേഷന്‍റെ ഒരു ചെരിവില്‍ നിന്ന് നോക്കിയാല്‍ കാണാം അങ്ങ് ദൂരെ മിന്നാമിനുങ്ങുകള്‍ കൂടിയത് പോലെ പല കൂട്ടങ്ങളായി മിന്നുന്ന പട്ടണങ്ങള്‍
അവിടെ ജീവിതം ഒരു കാഴ്ചയാണ്. കാണുന്നതിനും കാണിക്കുന്നതിനും മാത്രമുള്ളതാണ് അവര്‍ക്ക് ജീവിതം.
ഞാന്‍ എന്തിനാണ് ജീവിക്കുന്നത് എന്നെനിക്കറിയില്ല.ചിന്തിച്ചാല്‍ ഉത്തരങ്ങള്‍ ഇല്ല ശ്രമം നടത്തിയിട്ടുണ്ട്.എനിക്ക് കാണാനായി ആരും ജീവിക്കുന്നില്ല എന്നെ കാണാനും. അതിജീവനം അതിനായി ജീവിതം.
പട്ടണത്തില്‍ നിന്നും ഇവിടേക്ക് വല്ലപ്പോഴും വിരുന്നുകാര്‍ വരും. രാത്രിയില്‍ തങ്ങുന്നവര്‍ ചിലപ്പോള്‍ എന്‍റെ പാവടച്ചരടുകളുടെ കെട്ടഴിക്കാന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ക്ക് ഞാനും സന്തോഷപൂര്‍വ്വം ചൂട് പകര്‍ത്തിയിരിക്കുന്നു. ഒരിക്കല്‍ ഇളം ചെമ്പന്‍ മുടിയുള്ള ഒരു യുവാവ് വന്നിരുന്നു. അവനെ കണ്ടമാത്രയില്‍ തോന്നിയ കൊതി വളരെ അധികമായിരുന്നു. ചോദ്യങ്ങളും ഔപചാരികതയും അവന്‍ ഒഴിവാക്കി ഞാനും. അവനുവേണ്ടി പകുത്ത രാവാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

ഓ!! അത് പറഞ്ഞില്ലല്ലോ. ഇവിടെ വര്‍ഷത്തില്‍ എന്നും തണുപ്പുണ്ട്. ചിലപ്പോള്‍ കുത്തിക്കയറുന്ന പോലത്തെ തണുപ്പ്. ഇളം നിറങ്ങളിലെ പൂക്കള്‍ ഉണ്ട് ഈ പരിസരത്തൊക്കെ. ഞാന്‍ വെച്ച് വളര്‍ത്തുന്നതാണ് അവ. ചുവപ്പ് നിറത്തിലെ പോപ്പിയും മഞ്ഞ നിറത്തിലെ മിമോസയും റോസാപ്പൂക്കളും എല്ലാം. അങ്ങനെ തണുപ്പില്‍ വിരിയുന്ന പൂക്കളും പഴങ്ങളും ഉണ്ടാവാറുണ്ട് എന്‍റെ കൂട്ടിന് ഇവിടെ.

എന്‍റെ ഗ്രാമം ഈ കുന്നിന്‍റെ അപ്പുറത്തെ ചെരിവില്‍ ആണ്. പണ്ട് പണ്ടെപ്പോഴോ ഈ മലനിരകള്‍ താണ്ടി മറ്റെവിടേയ്ക്കോ യാത്ര ചെയ്തവരില്‍ ഒരു ഗര്‍ഭിണി ഉണ്ടായിരുന്നു. അവരുടെ കുഞ്ഞ് ജനിച്ച ഇടത്ത് ആ യാത്രക്കാരെല്ലാം തങ്ങിയെന്നും അങ്ങനെയാണ് ഞങ്ങളുടെ ഗ്രാമം ഉണ്ടായത് എന്നുമാണ് അമ്മയുടെ അമ്മ പറഞ്ഞുതന്നത്.

അമ്മമ്മയുടെ ചെറുപ്പകാലത്ത് ആണ് ആദ്യമായി മലയിടുക്ക് കടന്ന് പുറത്തു നിന്ന് ചിലര്‍ ഇവിടെ എത്തിയത്. അവരാണ് ആദ്യമായി ദൈവങ്ങളെ പറ്റി ഗ്രാമീണര്‍ക്ക് പഠിപ്പിച്ചത്. ഇന്നും ഏറ്റവും ഉയരം കൂടിയ കെട്ടിടം പള്ളിയാണ്. പാതിരിയായി പുറത്തു നിന്നുള്ള ആളുകളാണ് എപ്പോഴും വരുക. എന്‍റെ ചെറുപ്പത്തില്‍ പള്ളിയില്‍ വയസ്സനായ പെദ്രോ പിതാവുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഒരു കൂട്ടം പുസ്തകങ്ങള്‍ എനിക്ക് വായിക്കാന്‍ തന്നിട്ടുണ്ട്. അദ്ദേഹമാണ് എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ചത്, ആന്ഹ് അതുപോലെ അദ്ദേഹമാണ് ആദ്യമായി എന്‍റെ തുകല്‍ പാവാടയുടെ ചരടുകള്‍ അഴിച്ചത്. അമ്മമ്മയോട് ഞാന്‍ പറഞ്ഞിരുന്നു, അതിനേപ്പറ്റി. ആരോടും പറയരെതുന്നാണ് അവര്‍ പഠിപ്പിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ ഒന്നും ആരോടും പറയാറില്ല. മരിയയോട് പറയുമ്പോള്‍ ചിലപ്പോള്‍ കാടുകയറും എങ്കിലും അവളുടെ കണ്ണിലെ തിളക്കം കണ്ടാല്‍ ഞാന്‍ നിര്‍ത്തും. അവളെ വിശ്വസിച്ചുകൂടാ. അവള്‍ എന്‍റെ കഥയൊക്കെ ഗ്രാമത്തില്‍ എല്ലാവരോടും പറയും. ഒരിക്കല്‍ ചെറുപ്പക്കാരനായ ഒരു പാതിരി വന്നിരുന്നു. അദ്ദേഹവുമായി എനിക്ക് പ്രണയമായിരുന്നു. അദ്ദേഹത്തിനും അതേ എന്നാണു പറഞ്ഞിരുന്നത്. നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതിന്‍റെ അന്ന്, പുഴക്കരയില്‍ വെച്ച് മരിയയോട് ഞാനത് പങ്കുവെച്ചു. ആ അസത്ത് അവളുടെ അമ്മയോടും മറ്റും പറഞ്ഞു, അങ്ങനെ ആ വാര്‍ത്ത പറന്നു പറന്നു അവസാനം അദ്ദേഹത്തെ സ്ഥലം മാറ്റി ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് തന്നെ. എനിക്ക് ഒരുപാട് സങ്കടം ആയിരുന്നു ആ ദിവസങ്ങളില്‍ . നെഞ്ചിനുള്ളില്‍ ഒരു വിങ്ങലായിരുന്നു. പള്ളിയില്‍ പോകാനും നിലത്ത് പണിയെടുക്കാനും ഒന്നും എനിക്ക് തോന്നിയിരുന്നില്ല. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആയിരുന്നു. അന്നാദ്യമായി ഈ ചുറ്റി നില്‍ക്കുന്ന മലകള്‍ താണ്ടി വെളിയില്‍ പോകണം എന്ന് തോന്നിയത്. എങ്ങനേയും പുറം ലോകത്ത്‌ എത്താനും അദ്ദേഹത്തെ കണ്ടുപിടിക്കാനും.

 പക്ഷെ ഇപ്പോള്‍ അങ്ങനെ തോന്നാറില്ല. ഒരിക്കലും വെളിയില്‍ പോകാന്‍ ആഗ്രഹം ഉണ്ടാവുന്നില്ല. വല്ലപ്പോഴും വരുന്ന വിദേശികളുടെ വാചകങ്ങളില്‍ ഞാന്‍ എന്‍റെ ഉള്ളില്‍ ഒരു ലോകം പടുത്തു വെച്ചിട്ടുണ്ട്. പുറം ലോകത്തെ കുറിച്ചുള്ള ഒരു വര്‍ണ്ണവൈവിദ്ധ്യമാര്‍ന്ന രൂപം. അതങ്ങനെ അല്ലാതാവുന്നത് എനിക്ക് സഹിക്കുക തന്നെയില്ല.
ഒരുപാട് ആഗ്രഹങ്ങള്‍ ആണ് അവര്‍ക്ക്‌ . എന്നെ അതെപ്പോഴും അമ്പരപ്പിക്കാറുണ്ട്. ഞങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും ഇത്രയധികം ആഗ്രഹങ്ങള്‍ ഇല്ല. എല്ലാവരും ഒരു ദിനത്തിന്‍റെ അന്ത്യത്തില്‍ വിശപ്പില്ലാതെ തണുപ്പില്ലാതെ കിടന്നുറങ്ങണം എന്ന് മാത്രം ചിന്തിക്കുന്നവര്‍ ആണ്. സായാഹ്നത്തിലെ വീഞ്ഞും പ്രഭാതത്തിലെ ചൂട് പാലും ഒരുപോലെ ഞങ്ങളുടെ ആള്‍ക്കാര്‍ കുടിക്കുന്നു. വീഞ്ഞ് കൊണ്ടുവന്നത് പാതിരിമാര്‍ ആണ്. പിന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ അതുണ്ടാവാന്‍ തുടങ്ങി. വീഞ്ഞ് തണുപ്പിന് എത്ര നല്ലതാണെന്നോ. അമ്മമ്മ പറയാറുണ്ട്‌ വീഞ്ഞ് വരുന്നതിന് മുന്‍പ് തണുപ്പിന്‍റെ കാഠിന്യത്തില്‍ കഷ്ടപ്പെട്ടിട്ടുള്ളത്.
ആഗ്രഹങ്ങള്‍ , എനിക്കതില്ല എന്ന് പറഞ്ഞപ്പോള്‍ ചെമ്പന്‍ മുടിയുള്ള നീലക്കണ്ണ്‍കള്‍ ഉള്ള ആ യുവാവ് എന്നെ അത്ഭുതത്തോടെ നോക്കിയത് ഓര്‍ക്കുന്നു.
ഇന്നിനി വണ്ടികള്‍ ഒന്നുമില്ല. എനിക്ക് വേണമെങ്കില്‍ തിരിച്ചു പോകാം. പക്ഷെ ഇവിടെ തന്നെ ഉറങ്ങാന്‍ ആണെനിക്കിഷ്ടം. ഇതെന്‍റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. ഈ കുഞ്ഞ് മുറിയും ഇവിടെയുള്ള ചില യന്ത്രങ്ങളും ഘടികാരവും ബെഞ്ചും ഇവയെല്ലാം. ഞാന്‍ ഇല്ലെങ്കില്‍ ഇവയ്ക്ക് എന്ത് സംഭവിക്കും എന്നൊരു ആശങ്ക ഉള്ളത് പോലെ. അമ്മയുടെ അഭിപ്രായത്തില്‍ ഞാന്‍ ഗ്രാമത്തിലെ ആ കോമ്പല്ലനെ വിവാഹം കഴിക്കണം, എന്നിട്ട് അവനോടൊപ്പം താമസിക്കണം എന്നാണു. അത് തന്നെയാണ് എന്‍റെ ജീവിതം. എനിക്കറിയാം. ഒരുപാട് പ്രസവങ്ങള്‍ നടത്തേണ്ടി വരും. അപ്പോള്‍ ഇങ്ങോട്ട് വരാന്‍ കഴിയില്ല ചിലപ്പോള്‍ . ഇത്രയും കുത്തനെ കയറ്റം കയറാന്‍ കഴിയില്ലല്ലോ. ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്‍ മറ്റാരെയെങ്കിലും വിവാഹം കഴിക്കുമോ എന്ന് പ്രാര്‍ഥിക്കാനേ കഴിയുന്നുള്ളൂ.

"അപ്പോള്‍ നിനക്ക് ഒന്നും സ്വന്തമാക്കാന്‍ ആണ് ആഗ്രഹങ്ങള്‍ ഇല്ലാത്തത്. പക്ഷെ ചിലതൊക്കെ ഇല്ലാതായെങ്കില്‍ എന്ന് നീ ആഗ്രഹിക്കുന്നു ഇല്ലേ?" മടിയില്‍ കിടന്നു കൊണ്ട് അവന്‍ ചോദിച്ചു.

ചെറുതായി ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു "അത് ശരിയാണ്.......ഇപ്പോള്‍ ഞാനിതൊക്കെ നിന്നോട് എന്തിനാണ് പറഞ്ഞു തുടങ്ങിയത്, ഹൊസേ മരിയാ??"

"എനിക്കിഷ്ടമാണ് നീയിങ്ങനെ വര്‍ത്തമാനം പറയുന്നത്, ഒരു കഥ കേള്‍ക്കുന്നത് പോലെ, ഈ മലമുകളിലെ നിന്‍റെ കൂടെയുള്ള ഓരോ ദിനവും എനിക്കേറെ പ്രിയപ്പെട്ടതാണ്. നിന്നെയെന്‍റെ പക്കല്‍ എപ്പോഴും കൂട്ടാന്‍ എനിക്ക് കഴിയുകയില്ല തെരേസാ, കാരണം ഈ മലമുകളില്‍ അല്ലെങ്കില്‍ നീ നീയല്ല. ഇതിന്‍റെ പശ്ചാത്തലം ഇല്ലെങ്കില്‍ നീ നീയല്ല. നിന്നെ ഇവിടെ നിന്നും ഞാന്‍ ഒരിക്കലും പറിച്ചു മാറ്റുകയില്ല."

"അങ്ങനെ നീ ചെയ്യരുത്‌ ഒരിക്കലും. എന്‍റെ ഓര്‍മ്മകളിലെ ഏറ്റവും കൊതിയുള്ള ഒന്നായി നീ എന്നുമുണ്ടാവും . ചെമ്പന്‍ മുടിയും നീലക്കണ്ണും ഉള്ള എന്‍റെ ഏറ്റവും പ്രിയപ്പെട്ട കാമുകന്‍ ആയി എന്‍റെ കഥകളില്‍ നിറയാന്‍ നീ എന്നും ഉണ്ടാവും"

"നിന്‍റെ കോമ്പല്ലനെ നീ വിവാഹം കഴിക്കണം,ഒരുപാട് കുട്ടികളും ഉണ്ടാവണം നിനക്ക്. എന്നിട്ട് വയസാകുമ്പോള്‍ ഞാന്‍ വരും നിന്‍റെ കൂടെ കഴിയാന്‍ . നിങ്ങളുടെ കൂടെ കഴിയാന്‍ . നിന്‍റെ മടിയില്‍ ഇങ്ങനെ തലവെച്ച് നിന്‍റെ ശ്വാസത്തിന്‍ താളത്തില്‍ ഒരുമിച്ച് ചേര്‍ന്ന് ഉറങ്ങാന്‍, നിന്നിലാവും എന്‍റെ അവസാനം തെരേസാ. ഒരു വാര്‍ദ്ധക്യത്തിന്‍ അവസാന നാളുകള്‍ പങ്കുവെയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല പെണ്ണാണ് നീ. എന്‍റെ അവസാനം നിന്നോടൊപ്പം ആണ് തെരേസാ"

കഥ  / ആമി

പുത്തകം .കോം

My photo
ഓര്മ്മയൊഴുക്ക് . "ഒരു നദിയൊഴുകുന്നു ഓര്‍മ്മകളിലൂടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ എന്നിലൂടെ നിന്നിലൂടെ ചേര്‍ത്തുവെക്കാം നമുക്കാ ഓര്‍മ്മയോഴുക്കിനെ www.putthakam.com

www.putthakam.com,

About this blog

Followers

Powered by Blogger.