തെരേസ




 ഒരുപാട് വലിയ മലകളുടെ ഇടയിലെ ഏറ്റവും ചെറിയ ഒന്നിന്‍റെ ചെരുവിലാണ് ഈ സ്റ്റേഷന്‍.
പാറക്കല്ലുകള്‍ കൂട്ടിയാണ് ഇത് പണിഞ്ഞിരിക്കുന്നത്, പണിയുമ്പോള്‍ എളുപ്പത്തില്‍ സാധനങ്ങള്‍ എത്തിക്കാന്‍ ആണ് ഏറ്റവും പൊക്കം കുറഞ്ഞ മലയുടെ ചെരിവില്‍ ഇതിനായി സ്ഥലം കണ്ടെത്തിയത്. സ്റ്റേഷന്‍റെ ഒരു വശത്ത് വൃത്താകൃതിയിലുള്ള ഒരു ഘടികാരം ഉണ്ട്. ആദ്യമായി താഴെ പട്ടണത്തിലെ അധികാരി വിരുന്നുവന്നപ്പോള്‍ സമ്മാനമായി കൊടുത്തതാണ്. വളരെ വലിയതാണ് അത്. പല തരത്തിലുള്ള ഘടികാരങ്ങള്‍ ഉണ്ടെന്നു കേട്ട് കേള്‍വി, ശരിയാവും. രണ്ടു ബഞ്ചുകള്‍ ഉണ്ട് ഇവിടെ, രണ്ടെണ്ണം മാത്രം. മരത്തടിയില്‍ പണിതത്.
ചിതലും പൂപ്പലും അരിക്കാതെ ഞാനത് എന്നും തുടച്ചു വൃത്തിയാക്കി വെക്കുന്നുണ്ട്.
ഈ സ്റ്റേഷന്‍ മുഴുവന്‍ സൂക്ഷിക്കുന്നത് ഞാനാണ്. നാല് മണിക്കൂറില്‍ ഒരിക്കല്‍ ആണ് തീവണ്ടി വരിക. ഇവിടേക്ക് ടിക്കറ്റ് എടുത്തവര്‍ ഉണ്ടെങ്കിലോ ഇവിടെ നിന്നും ആരെങ്കിലും ടിക്കറ്റ് എടുത്താലോ മാത്രമേ വണ്ടി നിര്‍ത്തൂ. അല്ലെങ്കില്‍ എന്‍റെ രൂപം പതിയുന്ന കണ്ണാടി ജനലാകള്‍ തെന്നി നീക്കി അവര്‍ കടന്നു പോവും. സ്റ്റേഷന്‍റെ ഒരു ചെരിവില്‍ നിന്ന് നോക്കിയാല്‍ കാണാം അങ്ങ് ദൂരെ മിന്നാമിനുങ്ങുകള്‍ കൂടിയത് പോലെ പല കൂട്ടങ്ങളായി മിന്നുന്ന പട്ടണങ്ങള്‍
അവിടെ ജീവിതം ഒരു കാഴ്ചയാണ്. കാണുന്നതിനും കാണിക്കുന്നതിനും മാത്രമുള്ളതാണ് അവര്‍ക്ക് ജീവിതം.
ഞാന്‍ എന്തിനാണ് ജീവിക്കുന്നത് എന്നെനിക്കറിയില്ല.ചിന്തിച്ചാല്‍ ഉത്തരങ്ങള്‍ ഇല്ല ശ്രമം നടത്തിയിട്ടുണ്ട്.എനിക്ക് കാണാനായി ആരും ജീവിക്കുന്നില്ല എന്നെ കാണാനും. അതിജീവനം അതിനായി ജീവിതം.
പട്ടണത്തില്‍ നിന്നും ഇവിടേക്ക് വല്ലപ്പോഴും വിരുന്നുകാര്‍ വരും. രാത്രിയില്‍ തങ്ങുന്നവര്‍ ചിലപ്പോള്‍ എന്‍റെ പാവടച്ചരടുകളുടെ കെട്ടഴിക്കാന്‍ ശ്രമിക്കാറുണ്ട്. ചിലര്‍ക്ക് ഞാനും സന്തോഷപൂര്‍വ്വം ചൂട് പകര്‍ത്തിയിരിക്കുന്നു. ഒരിക്കല്‍ ഇളം ചെമ്പന്‍ മുടിയുള്ള ഒരു യുവാവ് വന്നിരുന്നു. അവനെ കണ്ടമാത്രയില്‍ തോന്നിയ കൊതി വളരെ അധികമായിരുന്നു. ചോദ്യങ്ങളും ഔപചാരികതയും അവന്‍ ഒഴിവാക്കി ഞാനും. അവനുവേണ്ടി പകുത്ത രാവാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

ഓ!! അത് പറഞ്ഞില്ലല്ലോ. ഇവിടെ വര്‍ഷത്തില്‍ എന്നും തണുപ്പുണ്ട്. ചിലപ്പോള്‍ കുത്തിക്കയറുന്ന പോലത്തെ തണുപ്പ്. ഇളം നിറങ്ങളിലെ പൂക്കള്‍ ഉണ്ട് ഈ പരിസരത്തൊക്കെ. ഞാന്‍ വെച്ച് വളര്‍ത്തുന്നതാണ് അവ. ചുവപ്പ് നിറത്തിലെ പോപ്പിയും മഞ്ഞ നിറത്തിലെ മിമോസയും റോസാപ്പൂക്കളും എല്ലാം. അങ്ങനെ തണുപ്പില്‍ വിരിയുന്ന പൂക്കളും പഴങ്ങളും ഉണ്ടാവാറുണ്ട് എന്‍റെ കൂട്ടിന് ഇവിടെ.

എന്‍റെ ഗ്രാമം ഈ കുന്നിന്‍റെ അപ്പുറത്തെ ചെരിവില്‍ ആണ്. പണ്ട് പണ്ടെപ്പോഴോ ഈ മലനിരകള്‍ താണ്ടി മറ്റെവിടേയ്ക്കോ യാത്ര ചെയ്തവരില്‍ ഒരു ഗര്‍ഭിണി ഉണ്ടായിരുന്നു. അവരുടെ കുഞ്ഞ് ജനിച്ച ഇടത്ത് ആ യാത്രക്കാരെല്ലാം തങ്ങിയെന്നും അങ്ങനെയാണ് ഞങ്ങളുടെ ഗ്രാമം ഉണ്ടായത് എന്നുമാണ് അമ്മയുടെ അമ്മ പറഞ്ഞുതന്നത്.

അമ്മമ്മയുടെ ചെറുപ്പകാലത്ത് ആണ് ആദ്യമായി മലയിടുക്ക് കടന്ന് പുറത്തു നിന്ന് ചിലര്‍ ഇവിടെ എത്തിയത്. അവരാണ് ആദ്യമായി ദൈവങ്ങളെ പറ്റി ഗ്രാമീണര്‍ക്ക് പഠിപ്പിച്ചത്. ഇന്നും ഏറ്റവും ഉയരം കൂടിയ കെട്ടിടം പള്ളിയാണ്. പാതിരിയായി പുറത്തു നിന്നുള്ള ആളുകളാണ് എപ്പോഴും വരുക. എന്‍റെ ചെറുപ്പത്തില്‍ പള്ളിയില്‍ വയസ്സനായ പെദ്രോ പിതാവുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ഒരു കൂട്ടം പുസ്തകങ്ങള്‍ എനിക്ക് വായിക്കാന്‍ തന്നിട്ടുണ്ട്. അദ്ദേഹമാണ് എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ചത്, ആന്ഹ് അതുപോലെ അദ്ദേഹമാണ് ആദ്യമായി എന്‍റെ തുകല്‍ പാവാടയുടെ ചരടുകള്‍ അഴിച്ചത്. അമ്മമ്മയോട് ഞാന്‍ പറഞ്ഞിരുന്നു, അതിനേപ്പറ്റി. ആരോടും പറയരെതുന്നാണ് അവര്‍ പഠിപ്പിച്ചത്. അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ ഒന്നും ആരോടും പറയാറില്ല. മരിയയോട് പറയുമ്പോള്‍ ചിലപ്പോള്‍ കാടുകയറും എങ്കിലും അവളുടെ കണ്ണിലെ തിളക്കം കണ്ടാല്‍ ഞാന്‍ നിര്‍ത്തും. അവളെ വിശ്വസിച്ചുകൂടാ. അവള്‍ എന്‍റെ കഥയൊക്കെ ഗ്രാമത്തില്‍ എല്ലാവരോടും പറയും. ഒരിക്കല്‍ ചെറുപ്പക്കാരനായ ഒരു പാതിരി വന്നിരുന്നു. അദ്ദേഹവുമായി എനിക്ക് പ്രണയമായിരുന്നു. അദ്ദേഹത്തിനും അതേ എന്നാണു പറഞ്ഞിരുന്നത്. നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതിന്‍റെ അന്ന്, പുഴക്കരയില്‍ വെച്ച് മരിയയോട് ഞാനത് പങ്കുവെച്ചു. ആ അസത്ത് അവളുടെ അമ്മയോടും മറ്റും പറഞ്ഞു, അങ്ങനെ ആ വാര്‍ത്ത പറന്നു പറന്നു അവസാനം അദ്ദേഹത്തെ സ്ഥലം മാറ്റി ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് തന്നെ. എനിക്ക് ഒരുപാട് സങ്കടം ആയിരുന്നു ആ ദിവസങ്ങളില്‍ . നെഞ്ചിനുള്ളില്‍ ഒരു വിങ്ങലായിരുന്നു. പള്ളിയില്‍ പോകാനും നിലത്ത് പണിയെടുക്കാനും ഒന്നും എനിക്ക് തോന്നിയിരുന്നില്ല. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആയിരുന്നു. അന്നാദ്യമായി ഈ ചുറ്റി നില്‍ക്കുന്ന മലകള്‍ താണ്ടി വെളിയില്‍ പോകണം എന്ന് തോന്നിയത്. എങ്ങനേയും പുറം ലോകത്ത്‌ എത്താനും അദ്ദേഹത്തെ കണ്ടുപിടിക്കാനും.

 പക്ഷെ ഇപ്പോള്‍ അങ്ങനെ തോന്നാറില്ല. ഒരിക്കലും വെളിയില്‍ പോകാന്‍ ആഗ്രഹം ഉണ്ടാവുന്നില്ല. വല്ലപ്പോഴും വരുന്ന വിദേശികളുടെ വാചകങ്ങളില്‍ ഞാന്‍ എന്‍റെ ഉള്ളില്‍ ഒരു ലോകം പടുത്തു വെച്ചിട്ടുണ്ട്. പുറം ലോകത്തെ കുറിച്ചുള്ള ഒരു വര്‍ണ്ണവൈവിദ്ധ്യമാര്‍ന്ന രൂപം. അതങ്ങനെ അല്ലാതാവുന്നത് എനിക്ക് സഹിക്കുക തന്നെയില്ല.
ഒരുപാട് ആഗ്രഹങ്ങള്‍ ആണ് അവര്‍ക്ക്‌ . എന്നെ അതെപ്പോഴും അമ്പരപ്പിക്കാറുണ്ട്. ഞങ്ങളുടെ കൂട്ടത്തില്‍ ആര്‍ക്കും ഇത്രയധികം ആഗ്രഹങ്ങള്‍ ഇല്ല. എല്ലാവരും ഒരു ദിനത്തിന്‍റെ അന്ത്യത്തില്‍ വിശപ്പില്ലാതെ തണുപ്പില്ലാതെ കിടന്നുറങ്ങണം എന്ന് മാത്രം ചിന്തിക്കുന്നവര്‍ ആണ്. സായാഹ്നത്തിലെ വീഞ്ഞും പ്രഭാതത്തിലെ ചൂട് പാലും ഒരുപോലെ ഞങ്ങളുടെ ആള്‍ക്കാര്‍ കുടിക്കുന്നു. വീഞ്ഞ് കൊണ്ടുവന്നത് പാതിരിമാര്‍ ആണ്. പിന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ അതുണ്ടാവാന്‍ തുടങ്ങി. വീഞ്ഞ് തണുപ്പിന് എത്ര നല്ലതാണെന്നോ. അമ്മമ്മ പറയാറുണ്ട്‌ വീഞ്ഞ് വരുന്നതിന് മുന്‍പ് തണുപ്പിന്‍റെ കാഠിന്യത്തില്‍ കഷ്ടപ്പെട്ടിട്ടുള്ളത്.
ആഗ്രഹങ്ങള്‍ , എനിക്കതില്ല എന്ന് പറഞ്ഞപ്പോള്‍ ചെമ്പന്‍ മുടിയുള്ള നീലക്കണ്ണ്‍കള്‍ ഉള്ള ആ യുവാവ് എന്നെ അത്ഭുതത്തോടെ നോക്കിയത് ഓര്‍ക്കുന്നു.
ഇന്നിനി വണ്ടികള്‍ ഒന്നുമില്ല. എനിക്ക് വേണമെങ്കില്‍ തിരിച്ചു പോകാം. പക്ഷെ ഇവിടെ തന്നെ ഉറങ്ങാന്‍ ആണെനിക്കിഷ്ടം. ഇതെന്‍റെ ഭാഗമായി തീര്‍ന്നിരിക്കുന്നു. ഈ കുഞ്ഞ് മുറിയും ഇവിടെയുള്ള ചില യന്ത്രങ്ങളും ഘടികാരവും ബെഞ്ചും ഇവയെല്ലാം. ഞാന്‍ ഇല്ലെങ്കില്‍ ഇവയ്ക്ക് എന്ത് സംഭവിക്കും എന്നൊരു ആശങ്ക ഉള്ളത് പോലെ. അമ്മയുടെ അഭിപ്രായത്തില്‍ ഞാന്‍ ഗ്രാമത്തിലെ ആ കോമ്പല്ലനെ വിവാഹം കഴിക്കണം, എന്നിട്ട് അവനോടൊപ്പം താമസിക്കണം എന്നാണു. അത് തന്നെയാണ് എന്‍റെ ജീവിതം. എനിക്കറിയാം. ഒരുപാട് പ്രസവങ്ങള്‍ നടത്തേണ്ടി വരും. അപ്പോള്‍ ഇങ്ങോട്ട് വരാന്‍ കഴിയില്ല ചിലപ്പോള്‍ . ഇത്രയും കുത്തനെ കയറ്റം കയറാന്‍ കഴിയില്ലല്ലോ. ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്‍ മറ്റാരെയെങ്കിലും വിവാഹം കഴിക്കുമോ എന്ന് പ്രാര്‍ഥിക്കാനേ കഴിയുന്നുള്ളൂ.

"അപ്പോള്‍ നിനക്ക് ഒന്നും സ്വന്തമാക്കാന്‍ ആണ് ആഗ്രഹങ്ങള്‍ ഇല്ലാത്തത്. പക്ഷെ ചിലതൊക്കെ ഇല്ലാതായെങ്കില്‍ എന്ന് നീ ആഗ്രഹിക്കുന്നു ഇല്ലേ?" മടിയില്‍ കിടന്നു കൊണ്ട് അവന്‍ ചോദിച്ചു.

ചെറുതായി ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു "അത് ശരിയാണ്.......ഇപ്പോള്‍ ഞാനിതൊക്കെ നിന്നോട് എന്തിനാണ് പറഞ്ഞു തുടങ്ങിയത്, ഹൊസേ മരിയാ??"

"എനിക്കിഷ്ടമാണ് നീയിങ്ങനെ വര്‍ത്തമാനം പറയുന്നത്, ഒരു കഥ കേള്‍ക്കുന്നത് പോലെ, ഈ മലമുകളിലെ നിന്‍റെ കൂടെയുള്ള ഓരോ ദിനവും എനിക്കേറെ പ്രിയപ്പെട്ടതാണ്. നിന്നെയെന്‍റെ പക്കല്‍ എപ്പോഴും കൂട്ടാന്‍ എനിക്ക് കഴിയുകയില്ല തെരേസാ, കാരണം ഈ മലമുകളില്‍ അല്ലെങ്കില്‍ നീ നീയല്ല. ഇതിന്‍റെ പശ്ചാത്തലം ഇല്ലെങ്കില്‍ നീ നീയല്ല. നിന്നെ ഇവിടെ നിന്നും ഞാന്‍ ഒരിക്കലും പറിച്ചു മാറ്റുകയില്ല."

"അങ്ങനെ നീ ചെയ്യരുത്‌ ഒരിക്കലും. എന്‍റെ ഓര്‍മ്മകളിലെ ഏറ്റവും കൊതിയുള്ള ഒന്നായി നീ എന്നുമുണ്ടാവും . ചെമ്പന്‍ മുടിയും നീലക്കണ്ണും ഉള്ള എന്‍റെ ഏറ്റവും പ്രിയപ്പെട്ട കാമുകന്‍ ആയി എന്‍റെ കഥകളില്‍ നിറയാന്‍ നീ എന്നും ഉണ്ടാവും"

"നിന്‍റെ കോമ്പല്ലനെ നീ വിവാഹം കഴിക്കണം,ഒരുപാട് കുട്ടികളും ഉണ്ടാവണം നിനക്ക്. എന്നിട്ട് വയസാകുമ്പോള്‍ ഞാന്‍ വരും നിന്‍റെ കൂടെ കഴിയാന്‍ . നിങ്ങളുടെ കൂടെ കഴിയാന്‍ . നിന്‍റെ മടിയില്‍ ഇങ്ങനെ തലവെച്ച് നിന്‍റെ ശ്വാസത്തിന്‍ താളത്തില്‍ ഒരുമിച്ച് ചേര്‍ന്ന് ഉറങ്ങാന്‍, നിന്നിലാവും എന്‍റെ അവസാനം തെരേസാ. ഒരു വാര്‍ദ്ധക്യത്തിന്‍ അവസാന നാളുകള്‍ പങ്കുവെയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല പെണ്ണാണ് നീ. എന്‍റെ അവസാനം നിന്നോടൊപ്പം ആണ് തെരേസാ"

കഥ  / ആമി

കയ്യൊപ്പുകള്‍

വിന്‍ജീഷ്  പാണ്ഡവാസ്

 .................................................................................
“എന്റെ മണ്‍ വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നു വന്നു.....“

കട്ടിലില്‍ കൂട്ടിയിട്ട രണ്ട് തലയിണകളില്‍ ചാരിക്കിടന്ന് ദേവന്‍ പതിയെ പാടുകയാണ്.

പുറത്ത് മഴ ചാറി ചാറി പെയ്യുന്നുണ്ടായിരുന്നു
ഹോസ്റ്റല്‍ മുറിയിലെ മേശയില്‍ ചാരി കിടന്ന് ജനലിലൂടെ ഞാനാ മഴയെ നോക്കികിടന്നു

മഴയ്ക്ക് ഒരു പ്രത്യേക ഫീലാ... ല്ലേ അളിയാ..”
പട്ട് നിര്‍ത്തി അവന്‍ എന്നെ നോക്കി.

“അതെന്താ അളിയാ ഇത്ര നാളും ഇല്ലാത്ത ഒരു ഫീല്‍ ഇപ്പോ “
ഞാന്‍ കൈത്തണ്ടയില്‍ മൂക്ക് തുടച്ചു.

"ഹല്ല ഇന്നെന്തോ... ഒരു പ്രത്യേകത “

“നീ ആ കൊച്ചുപുസ്തകത്തിന്റെ പേജ് ആഞ് തപ്പുന്നതു കണ്ടപ്പോഴേ എനിക്കു തോന്നിയതാ ഇന്നെന്തെങ്കിലും ഫീലുമെന്ന്. ആ ഫീല് മാറ്റാനുള്ള മരുന്ന് എന്റേലില്ല മോനേ...
“നീയാ കുരുവിള കുഞാടിന്റെ റൂമീ പോയ് നൊക്ക് അവന്‍ പട്ടം കിട്ടീപ്പോ ഒരു കുടുക്ക നിറയെ കടുക്ക വാറ്റികൊണ്ടുവന്നിട്ടുണ്ടെന്നു കേട്ടു.പോയ് നോക്ക്. " ഒരു ശമനത്തിന്.“

നീ‍ പോടാ മാക്രീ... ദേവന്‍ അലറി

ഞാന്‍ മേശമേലിരുന്ന സ്റ്റിക്കിന്റെ പേന അവന്റെ നേരെയെറിഞു.

ദേവന്റെ നടുമ്പുറത്ത്നിന്ന് തെറിച്ച പേന നിലത്ത് നിന്ന് കുനിഞെടുത്ത് പപ്പന്‍ എന്റെ നേരെ തിരിഞു.

"നീയൊക്കെ ഇവിടെ കുട്ടീം കോലും കളിച്ച് കിടന്നോ, അവിടെ കുഞാടിനു പട്ടം കിട്ട്യേതിന്റെ ആഘോഷം തുടങി..."

"ങേ... ബിയറുണ്ടോ അളിയാ"... ദേവന്‍ എഴുന്നേറ്റു.

"ബിയറു മാത്രമല്ല മോനേ സതീശന്‍ കൊണ്ടുവന്ന നല്ല കശൂമാങ വാറ്റുമുണ്ട്."
ഹമ്മ.

കട്ടിലിനു മുകളിലൂടെ സ്ക്കൈ ഡൈവ് ചെയ്ത് പപ്പനെ തട്ടി താഴെയിട്ട് ഞാനും ദേവനും ഐസക്കിന്റെ റുമിലേയ്ക്ക് ഓടുമ്പോ നിലത്ത് കിടന്ന് ഹരിവരാസനം പാടുന്ന പപ്പന്‍.


“ഒരു മുട്ടനാടിനെ പിടിച്ച് കുഞാടാക്കിയതിന്റെ ആഘോഷം ഞാന്‍ ഉദ്ഘാടിക്കുന്നു...“
ബിയര്‍ കുപ്പി കയ്യിലുയര്‍ത്തിപ്പിടിച്ച് പപ്പന്‍.

“ഇടവകയിലെ സകല പെണ്ണുങള്‍ക്കും ഇനി നീ അപ്പവും വീഞും വിളമ്പൂ മകനേ... പണ്ട് നീ പൂവും ലെറ്ററുമാണല്ലോ കൊടുത്തിരുന്നേ...“

അളിയാ വെള്ളം തീര്‍ന്നെടാ....

കശുമാങ വാറ്റിന്റെ അവസാന തുള്ളിയും വാറ്റിയൊഴിക്കുന്ന സതീശന്‍ കാലിയായ കൂജ നോക്കി പറഞു.

"അതിനെന്താ അളീയാ വെള്ളമല്ലേ ഇത്."

ഐസക്കിന്റെ മേശമേലിരുന്ന മാതാവിന്റെ പ്ലാസ്റ്റിക്ക് പ്രതിമയ്ക്കുള്ളില്‍ നിറയെ വെള്ളം.

"ഡാ അത് വേളാങ്കണ്ണീന്ന് കൊണ്ടുവന്ന സ്നാന ജലമാ...പുണ്ണ്യജലം അതെടുക്കരുതെടാ..
ഐസക്ക് കട്ടിലില്‍ നിന്ന് ചാടിയെണീക്കാന്‍ ശ്രമിച്ചു

അതിനു മുന്‍പേ സതീശന്‍ അത് തുറന്ന് ഗ്ലാസ്സിലേയ്ക്ക് കമിഴത്തിയിരുന്നു.

ഈശോയേ.... ഐസക്ക് തലയില്‍ കയ്യും വച്ച് കട്ടിലിലേയ്ക്കിരുന്നു.


“മാതാവേ.... കലിപ്പെടുത്ത് വാളുവെപ്പിക്കരുതേ...” വലിയ്ക്കുന്നതിനിടയില്‍ സതീശന്റെ പ്രാത്ഥന.

കൂട്ടച്ചിരി ഹോസറ്റല്‍ മുറിയില്‍ നിന്നും എക്കോ പരത്തി ഇടനാഴിയിലേയ്ക്ക്.....

ആഘോഷങളുടെ, തമാശകളുടെ, പാരവെയ്പ്പുകളുടെ അങനെ അങനെ ജീവിതത്തിന്റെ നല്ല നിമിഷങളുടെ തിളക്കങളില്‍ ആറാടിയ കോളേജ് ജീവിതം.
ഞാനും ദേവനും, പപ്പനും ഒരേ റൂമില്‍ വര്‍ഷങളുടെ പഴക്കമുള്ള സൌഹ്രുദം...



ഒരു ദിവസം രാവിലെ തങ്കമണി മാഡത്തിന്റെ ക്ലാസ്സ് കട്ട് ചെയ്ത് കാന്റീനിലേയ്ക്ക് വച്ചു പിടിക്കുമ്പോ ലൈബ്രറിയുടെ വരാന്തയില്‍ ഒരു പൊന്‍ ചന്തനക്കുറി പോലെ അവള്‍.
ഉമ.
പട്ടു പാവാടയില്‍ പൊതിഞ് , നീണ്ട് മുടിയിഴകള്‍ക്കിടയില്‍ തുളസിക്കതിര്‍ വച്ച്. ഇളം കതിരു പോലെ ഒരു പെണ്‍കൊടി.

“എന്തേ ഉമേ കണ്ണുകള്‍ കലങീട്ടുണ്ടല്ലോ..“

കോണ്‍ക്രീറ്റ് തൂണിനു മറവില്‍ നിന്ന് ചിണുങുന്ന ഉമ എന്നെ നോക്കി..
ഞാന്‍ അടുത്തേക്ക് ചെന്നു

“ഇന്ന് ആരാ ഉമേ കളിയാക്കിയേ..?

അവള്‍ കലങിയ കണ്ണുകള്‍ കൈത്തലം കൊണ്ട് തുടച്ചു.

“പോട്ടെ ഇന്നെന്താ കുറിമാനത്തില്‍..? നോക്കട്ടെ !!

അവള്‍ ചുരുട്ടിപ്പിടിച്ച വലതു കൈ തുറന്ന് എന്റെ നേരെ നീട്ടി.
ചുക്കിചുളിഞ ഒരു ചെണ്ടുമല്ലിപ്പൂവും ഒപ്പം ചുവന്ന ഒരു തുണ്ടു കടലാസും.അതില്‍ വടിവൊത്ത അക്ഷരങളില്‍ ഒരു വരി.
"ഉമേ കരിവളകള്‍ പണ്ടേ എനിക്കിഷ്ട്ടമല്ല. ഇപ്പോ നിന്റെ കയ്യില്‍ കരിവളകള്‍ കാണുമ്പോ സങ്കടം തോനുന്നു."

“ബെസ്റ്റ്... ഇവനു ഏതെങ്കിലും കരിവളക്കാരിയുടെ കയ്യീന്ന് നല്ല തല്ലുകിട്ടിക്കാണും.
അല്ലേ ആരെങ്കിലും കരിവള ഇഷ്ട്ടമല്ലെന്നു പറയോ...
അല്ലേ ഉമേ...!!

കടലാസ് കഷണത്തീന്ന് കണ്ണെടുത്ത് ഞാന്‍ നോക്കുമ്പോ അവള്‍ ചാരി നില്‍കുന്ന തൂണിനു താഴെ പൊട്ടിക്കിടക്കുന്ന കുപ്പിവളകള്‍..

“അതു ശരി എന്താ‍ മകളേ ഇത് !!!

ഞാനൊരു കുപ്പിവളച്ചില്ല് കുനിഞെടുത്തു.
മഷിപ്പാട് മാഞ കണ്ണുകളില്‍ ഒരു മിന്നല്‍പ്പിണര്‍.

“ഹമ്പടി കുഞാത്തോലേ,,അപ്പോ ഇതായിരുന്നല്ലേ മനസിലിരിപ്പല്ലേ. ഗോള്ളാം ...”

“എന്തായാലും നന്നായി ഉമേ
“നിന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാള്‍ ഈ ഭൂലോകത്തേ വേറെയുണ്ടാവാന്‍ ചാന്‍സില്ല.
ഡെയ്ലി ആ‍രുടേയോ പൂന്തോട്ടത്തില്‍ നിന്നും അടിച്ചു മാറ്റുന്ന പൂവും, വര്‍ണ്ണക്കടലാസിലെഴുതിയ സ്നേഹവും. .അത് ആരും കാണാതെ നിന്റെ സൈക്കിളില്‍ കൊണ്ട് വെയ്ക്കാനുള്ള എഫര്‍ട്ടും. കൊള്ളാം..”
“പക്ഷേ ഇവനെന്തൊരു ക്ണാപ്പനാ“.. ഒളിച്ചിരിക്കാതെ ഒന്ന് വെളിച്ചത്ത് വന്നൂടെ,

അവളുടെ കണ്ണിലെ തിളക്കം പതിയെ ചുണ്ടുകളില്‍ പൂത്തുതുടങുന്നു.... മറ്റൊരു പുലരി പോലെ.

“എന്തായാലും നീ വാ ഉമേ. ചലോ ടു കാന്റീന്‍“.
ചായ എന്റെ വക.“
അവനെ ഓര്‍ത്തിട്ടാണെങ്കിലും ഇത്രേം നല്ലൊരു പുഞ്ചിരി എനിക്കു തന്നതല്ലേ.“

കാന്റീനിലേക്ക് നടക്കുമ്പോ ഞാനോര്‍ത്തു.

രണ്ട് കൊല്ലം മുന്‍പാണ് ആദ്യമായ് ഉമയുടെ സൈക്കിള്‍ ഹാന്റ് കാരിയറില്‍ ഒരു പൂവും കുറിമാനവും കണ്ടത്. അന്ന് ഇടവപ്പാതി മഴ പോലെയായി അവളുടെ കണ്ണുകള്‍. എത്ര പാടു പെട്ടാണ് ആ കരച്ഛിലൊന്ന് നിറുത്തിയത്.

പിന്നെ അത് പതിവായ്....
എന്നും സൈക്കിള്‍ കാരിയര്‍ ബാഗില്‍ പൂവിനൊപ്പം ഒരു വരിയിലെഴുതിയ സ്നേഹം.
ആരാണെന്ന് വെളിപ്പെടുത്താതെ, മുടങാതെ എന്നും...

കരച്ചിലിന്റെ വോളിയം പതിയെ കുറഞു കുറഞു വന്നു. പിന്നെ ആരെങ്കിലും കളിയാക്കിയാ ചാറ്റല്‍ മഴ പോലെ ചിണുങലുകള്‍. ഇന്നും ആരെങ്കിലും കളിയാക്കി കാണും,

കാന്റീനില്‍ കുമാരേട്ടന്റെ ചായയില്‍ ലയിച്ചിരിക്കുമ്പോ ഞാന്‍ ഉമയോട് പതിയെ ചോദിച്ചു

“എന്നാ ഉമേ ദേഷ്യം മാറി സ്നേഹം തുടങിയേ...?

അവളുടെ കണ്ണുകള്‍ ആര്‍ദ്രമായ്.

"നിനക്കറിയോ വിനൂ.... കുറെ നാളുകള്‍ക്കു മുന്‍പ് വന്ന ഒരു കുറിപ്പില്‍ എഴുതിയിരുന്നത്
നിന്റെ പാദസ്വരങളുടെ കിലുക്കം കുറഞിരിക്കുന്നുവല്ലോ എന്ന്."

"അപ്പോഴാ ഞാന്‍ കാണുന്നത് എന്റെ പാദസ്വരങളിലെ മണികള്‍ പൊട്ടിപ്പോയിരുന്നു.
എന്നെ ഇത്രേം ശ്രദ്ദിക്കുന്ന ഒരാളെ എങനാടാ ഞാന്‍ സ്നേഹിക്കാതിരിക്കാ...?

അവളുടെ വാക്കുകളില്‍ നിറഞ സ്നേഹം.!! ഞാന്‍ ചായ മൊത്തി.

“ശരിയാ‍ ഉമേ സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം. ഞാന്‍ പണ്ടേ ഈ ട്രാക്കില്‍ ഓടി തോറ്റവനാ..”
ഞാന്‍ ചായ ഗ്ലാസ്സ് കൈയിലിട്ടു തിരിച്ചു.


“നിനക്കാരെയാ ഉമേ സംശയം..? അങനെ ആരെങ്കിലും ഉണ്ടോ നിന്റെ മനസില്‍...?

“അറിയില്ല വിനൂ...എനിക്കു പണ്ട് നിന്നേം ഒരു ഡൌട്ടുണ്ടായിരുന്നു.
ങെ....എന്നെയോ...?
“ഇനി മരിച്ചാലും സാരല്ല്യ.. നിന്നെപ്പോലെ ഒരു കുട്ടി എന്നെ പറ്റി ഡൌട്ടടിച്ചു എന്ന് പറയുന്നതുതന്നെ ഒരു ഭാഗ്യമല്ലേ...“

ചിരികളില്‍ ചെമ്പക മെട്ടുകള്‍ വിരിഞു....


കാ‍ലം പിന്നെയും ബിയര്‍ ഗ്ലാസില്‍ പത നിറച്ചു, മാതാവിന്റെ രൂപം കുഞാടിന്റെ റൂമില്‍ നിന്നും സതീശന്റെ റൂമിലേയ്ക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു.

കോളേജിലെ തമാശകളിലും ഹോസ്റ്റല്‍ ദിനങളിലെ ഉന്മാദങളുമായ് ജീവിതം പിന്നെയും മുന്നോട്ട്.


മുത്തശ്ശിയുടെ മരണം കഴിഞ് തിരിച്ചു വന്ന ദിവസം രാത്രി ,
ഹോസ്റ്റല്‍ റൂമില്‍ ഞാനും ദേവനു മാത്രമായിരുന്നു. പപ്പന്‍ ഒരാഴ്ച്ചയായ് വീട്ടില്‍ പോയിട്ട്.

“ഇനി കുറച്ചു ദിവസങള്‍ കൂടി ഇവിടെ.... “പിന്നെ നമുക്കും വഴിപിരിയണം അല്ലേ ദേവാ...“

ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്ന ദേവന്‍ എന്റെ നേരെ തിരിഞു.

വാക്കുകള്‍ക്കിടയില്‍ നിശബ്ദത മാറാലകൂട്ടി...

ഞാനവന്റെ മുഖത്തേയ്ക്ക് നോക്കി.

“നാളെ പപ്പന്‍ വരും നമുക്ക് ഈ അവസന ദിവസങള്‍ കൂടി അടിച്ചു പൊളിക്കണം ദേവാ..
ഓര്‍മ്മയില്‍ വെയ്ക്കാന്‍ ഈ അവസാന നാളുകളില്‍ നിന്ന് എന്തെങ്കിലും കൂടി....അല്ലേ”

അവന്റെ കണ്ണുകള്‍ തിളങി...

“ഒന്നും നഷ്ട്ടപ്പെടുത്തരുതെടാ ഇവിടെ....
നഷ്ട്ടങള്‍ വേദനിപ്പിക്കും അതിനെ തോല്‍പ്പിക്കാന്‍ ഈ അവസാന ദിവസങളിലെ കുറച്ചു സന്തോഷങള്‍ കൂടി.“

കട്ടിലില്‍ കിടന്ന് കോളേജ് മാഗസീനില്‍ ഞാനെഴുതിയ കവിതയിലെ വരികള്‍ നോക്കിക്കൊണ്ടിരിക്കുമ്പോ ദേവന്‍ അടുത്തു വന്നിരുന്നു.
വിനൂ...
ഞനവന്റെ മുഖത്തേയ്ക്കു നോക്കി.
“നീയും പപ്പനും പറയാറില്ലേ എന്റെ മനസില്‍ എന്തോ ഉണ്ടെന്ന്..., ഏതോ ഒരു പെണ്‍കൂട്ടിയുണ്ടെന്ന്..“

ഞാന്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി
“അങനെയൊരാളുണ്ട്...

“ആരാദ്.... “ ഞാന്‍ കട്ടിലില്‍ എണീറ്റിരുന്നു.
അവള്‍.... ഉമ.”
അവന്‍ എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു.


“ അതെങനാ അളിയാ ശരിയാവാ... സൈക്കിള്‍ ഹാന്റ് ബോക്സിലെ ഒരു അഞാത പ്രണയം അവിടെ കിടന്നു കളിക്കല്ലേ... അവള്‍ക്കാണേ അവനോട് ഒരു ഇഷ്ട്ടവും തോന്നിത്തുടങിയിട്ടുണ്ട്.”

അളിയാ....ഇനി നീയെങാനും ആണോടാ ആ അജ്ഞാതന്‍..”
സത്യം പറയെടാ....“ ഞാനവന്റെ വയറില്‍ കുത്തി.

“ഹേയ്... നീ തമാശ വിട് വുനൂ.. ഞാന്‍ സീരിയസ്സാ“
“എന്നാ അവള്‍ മനസില്‍ കേറിയേ എന്ന് ഓര്‍മ്മയില്ല...“
“ആരോടും പറയാതിരുന്നതും ..ആ സൈക്കിള്‍ ഹാന്റ് പ്രണയം അറിയാവുന്നതുകോണ്ടും കൂടിയാ...
പക്ഷേ അവളെ മറക്കാന്‍ വയ്യ.”
“നീ പറയ്, ഇനി ഞനെന്താ ചെയ്യണ്ടേ,,,”

“എന്തു ചെയ്യാന്‍... എനിക്കു തോനുന്നില്ല അവള്‍ക്ക് വേറൊരാളോട് ഇഷ്ട്ടം തോനുമെന്ന്.“

ഞാന്‍ ഒരു സിഗരറ്റിന് തീ കൊടുത്ത് പുക ജനലിലൂടെ പുറത്തേയ്ക്ക് ഊതി.

“ചിലപ്പോ അത് അവന്റെ വെറുമൊരു തമാശയാണെങ്കിലോ അല്ലെങ്കില്‍ ഇത്രേം നാളായിട്ടും അവന്‍ പുറത്ത് വരാതിരിക്കുമോ..?
അവന്റെ വാക്കുകളില്‍ ആശയുടെ തിളക്കം.

“അതും ശരിയാ... പക്ഷേ അവള്‍ക്കു കൂടി ഇഷ്ട്ടം തോന്നണ്ടേ അളിയാ...
അവളാണെങ്കി അവന്‍ വെളിച്ചത്തു വരുന്നതും കാത്തിരിക്കാ..” ഞാന്‍ ഒരു പഫ് കൂടെ എടുത്തു.

“ആ ആള്‍ ഞാനാണെന്നു പറഞാലോ..” ദേവന്റെ ശബ്ദത്തിന് നല്ല ബലം.

അതു വേണോ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ദേവനെ നോക്കി.

“ഇനി മറ്റവന്‍ പുറത്തു വന്നാലോ ദേവാ...“

“ഇത്ര നാളും വരാത്തവന്‍ ഇനി വരാന്‍ പോണില്ല.” നാളെ ഞാനവളോട് പറയും. ദൈവം എന്റെ കൂടെയാണെങ്കി അവള്‍ എനിക്കുള്ളതാവും. “നീ‍ നോക്കിക്കോ..”
ദേവന്റെ മോഹം ഞാനവന്റെ വാക്കുകളില്‍ കണ്ടു.

രാവിലെ അല്‍പ്പം വൈകിയാണ് ഞാന്‍ കോളേജിലെത്തിയത്, മലയാളം ഡിപ്പാര്‍ട്ടുമെന്റിനു താഴെയുള്ള മാവിന്‍ ചോട്ടില്‍ കടും പച്ച നിറത്തിലുള്ള പട്ടുപാവാടയുടുത്ത് ഉമ.

എന്താ ഉമേ രാവിലെതന്നെ മാവിനോടൊരു സല്ലാപം” ഞാനവളുടെ അടുത്തേയ്ക്കു ചെന്നു.

“ഹേയ് ഒന്നുമില്ല മാഷേ”

“ എന്താ നിന്റെ മുഖത്തൊരു പ്രകാശക്കുറവ്..?”
എന്തെങ്കിലും പ്രശ്നമുണ്ടോ..?

അവള്‍ ഒന്നും പറയാതെ കയ്യിലെ കടലാസു കഷ്ണം എന്റെ നേരെ നീട്ടി.
ചുവന്ന അക്ഷരങളില്‍ ആ രണ്ടു വരികള്‍.

ഉമേ... ഹ്ര് ദയം മുഴുവന്‍ നിന്നോടുള്ള സ്നേഹമാണ്. ശ്വാസം പോലും നീയായ് മാറുന്നതിന്റെ സുഖം ഞാനറിയുന്നു.”

ഞാനാ കടലാസിലെ അക്ഷരങളില്‍ തൊട്ടു..

ഈശ്വരാ ഇത് ചോരയല്ലേ..

ഉമയുടെ കണ്ണുകളില്‍ നിന്നു രണ്ടുതുള്ളികളടര്‍ന്നു വീണു.
ഞാനെന്തെങ്കിലും പറയുന്നതിനു മുന്‍പേ അവള്‍ ആ കടലാസു കഷണവും തട്ടിപ്പറിച്ച് ഓടിയകന്നു.

കോണിപ്പടികള്‍ കേറുമ്പോ ദേവന്‍ മുന്നില്‍ വന്നു.

അളിയാ നീ അവളെ കണ്ടോ..? ഞാന്‍ ദേവനെ പിടിച്ചു മാറ്റി നിര്‍ത്തി.

“ഇല്ല അവളുടെ അടുത്തേയ്ക്കാ പോകുന്നേ...”

“എന്നാ നീ ഒരു കായം ചെയ്യ്.. ആ കയ്യ് വിരലൊന്ന് മുറിച്ച് ഒരു കെട്ടും കെട്ടിക്കോ... ഇന്ന് മറ്റേ ലവന്‍ രക്തം കൊണ്ടാ കുറിമാനം എഴുതിയിരിക്കുന്നേ “ ഞാനിപ്പോ അവളെ കണ്ടേ ഉള്ളൂ...

“ആണോ അവളെ കിട്ടാന്‍ ഞാന്‍ ഞെരമ്പു വരെ മുറിയ്ക്കും ...”

“അത്രയ്ക്കു വേണ്ട അളിയാ ആ പാവം അമ്മയ്ക്ക് ആകെയുള്ള സന്താനമല്ലേ നീ. അതു മാത്രമോ നീ വടിയായാ ഗിരിജ തിയ്യറ്ററില്‍ ഞെരമ്പ് പടത്തിന് കോട്ട തികയാതെവരില്ലേ “... ഞനവന്റെ കവിളില്‍ നുള്ളി.
“അപ്പോ ഓള്‍ ദി ബെസ്റ്റ് അളിയാ.... നീ വിട്ടോ.”
ദേവന്‍ എന്റെ കവിളില്‍ ഒരു ഉമ്മ തന്ന് വരാന്തയിലൂടെ ഓടി.


മുകളില്‍ ക്ലാസ്സ് മുറിയിലെ ജനലരികില്‍ പപ്പന്‍

“എന്തായീ പപ്പാ വീട്ടില്‍ പോയിട്ട്...? “ഭാഗം വച്ച് അമ്മാവന്മാരൊക്കെ പിരിഞോ..? നീയും അമ്മയും വല്ല്യമ്മാവന്റെ കൂടെ തറവാട്ടിലാവും അല്ലേ..” ഞാനവന്റെ അടുത്ത ഡെസ്ക്കില്‍ കയറിയിരുന്നു

അവന്‍ ഒന്നും പറഞില്ല ... ജനലിലൂടെ പുറത്തേയ്ക്ക് നൊക്കിയിരുന്നു.

സാരമില്ല പപ്പാ എല്ലാം ശരിയാകും” പിന്നെ ഇന്ന് ദേവന്‍ ഒരു കളി കളിക്കാന്‍ പോവാ ഉമ..”

“അവന്‍ പറഞു...” പപ്പന്‍ ഇടയില്‍ കയറി പറഞു.

“നീ അവനെ കണ്ടു അല്ലേ..ഇന്നെന്താവുമോ ആവോ..
എല്ലാം ഓക്കെ ആയാ ഡിഗ്രി കഴിയുമ്പോ അവരുടെ കല്ല്യാണം’ ഹൊ എനിക്കു വയ്യ” ഞാന്‍ ഡെസ്ക്കിലേയ്ക്ക് കിടന്നു.
ഡെസ്കില്‍ വച്ചിരുന്ന അവന്റെ കയ്യെടുത്തു മാറ്റുമ്പോ ഞാന്‍ കണ്ടു അവന്റെ വലതു കയ്യിലെ ചൂണ്ടു വിരല്‍ തുമ്പില്‍ ഒരു ചെറിയ കെട്ട് അതില്‍ ചോര കിനിഞ നിറവും.

എന്റെയുള്ളില്‍ ഒരു വെള്ളിടി വെട്ടി. ഞാന്‍ ചാടിയെണീറ്റു.

കുനിഞിരുന്ന പപ്പന്റെ തല ഞാനുയര്‍ത്തി, അവന്റെ കണ്ണുകള്‍ നിറഞിരിക്കുന്നു.
പപ്പാ...നീയായിരുന്നോ.. ഉമയ്ക്ക്... .” ?

അവന്‍ പതിയെ തലയാട്ടി, അവന്റെ കണ്ണുകാളില്‍ നിന്ന് രണ്ട് വജ്രത്തുള്ളികള്‍ അടര്‍ന്നു വീണു.

“പപ്പാ.... എന്റെ ശബ്ദം പതറിയിരുന്നു.
എന്റെ കയ്യില്‍ പിടിച്ച് അവന്‍ ഏന്തിയേന്തി കരഞു.

ഞാന്‍ ജനലിലൂടെ താഴേയ്ക്ക് നോക്കി.
താഴെ ചെമ്പകമരചുവട്ടില്‍ ദേവനും ഉമയും നില്‍ക്കുന്നു.


ഞാന്‍ പപ്പനെ തള്ളിമാറ്റി ഡെസ്ക്കിനു മുകളിലൂടെ ചാടിക്കയറി പുറത്തേയ്ക്കോടി. കോണിപ്പടികള്‍ ഓടിയിറങുമ്പോഴേയ്ക്കും പിറകെ ഓടി വന്ന പപ്പന്‍ എന്നെ പിടിച്ചു നിര്‍ത്തി.

വിട് ..” ഞാന്‍ കുതറി.
“നീ എങോട്ടാ..“
പാടില്ല പപ്പാ ദേവന്‍ അവളോടത് പറയാന്‍ പാടില്ല... നീ വിട്.
“ഇല്ലളിയാ ഞാന്‍ വിടില്ല ... അവന്‍ പറയട്ടെ അവളോട്... അവന്‍ തന്നാ പറയേണ്ടത്.”

അവന്‍ എന്നെ ചുമരിനോട് ചേര്‍ത്തുനിര്‍ത്തി.

“പപ്പാ‍ നീയെന്താ ഈ പറയണേ..“

“ഞാന്‍ പറയുന്നതു നീയൊന്ന് കോള്‍ക്ക് ....ഒന്നോര്‍ത്ത് നോക്ക്യേടാ,,, എന്തു കൊണ്ടും എന്നേക്കാള്‍ നല്ലത് അവള്‍ക്ക് അവന്‍ തന്നെയല്ലേ..എല്ലാം കൊണ്ടും. പണം,വീട്, പിന്നെ സ്നേഹം മാത്രമുള്ള ഒരു അമ്മ എല്ലാം ....

"നീ എന്നെ നോക്ക് എന്തുണ്ടെടാ എന്റെ കയ്യില്‍ ..
വെറുമൊരു കോമളി.., സ്വന്തമായ് എന്തുണ്ട് ... ഒരു വീടു പോലുമില്ല അമ്മാവന്റെ വീട്ടില്‍ ഔദാര്യം കൊണ്ടുള്ള താമസം, അച്ചനെ കണ്ട ഓര്‍മ്മ പോലുമില്ല അതെല്ലാം പോട്ടെ മൂന്നുകൊല്ലം ഒരേ മുറിയില്‍ ഒരേ മനസുമായ് ജീവിച്ചിട്ട് ഇപ്പോ അവന്റെ ഏറ്റവും വല്ല്യ ആഗ്രഹത്തിന് തടസമായ് നിന്നാ പിന്നെ എന്തു ഫ്രണ്ട്ഷിപ്പാടാ നമ്മുടെ.... ഇത് മുടങിയാ പിന്നെ എന്നെന്നേയ്ക്കുമായ് നമ്മുടെ സൌഹ്ര്ദവും നഷ്ട്ടപ്പെടും. അതു വേണോ..?”

എന്റെ ഷര്‍ട്ടില്‍ നിന്നുള്ള് പിടിവിട്ട് അവന്‍ പുറകോട്ടുമാറി നിന്ന് കിതച്ചു.

ദേവന്റെ ഉമ... ഇനി അങനെ മതി “ അവന്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.
പിന്നെ വീണ്ടും പതിയെ പറഞു “ നമ്മളല്ലാതെ ഇനി വേറെയൊരാളിതറിയണ്ട “
പപ്പാ..” ഞാനവന്റെ തോളില്‍ പിടിച്ചു.
കരച്ചിലിനും ചിരിയ്ക്കുമിടയിലുള്ള ഏതോ ഒരു ഭാവം ഞനവന്റെ മുഖത്തുകണ്ടു.



ഇടവേളകളില്ലാതെ വര്‍ഷങള്‍ പിന്നെയും കടന്നുപോയ്.
ദേവന്റെയും ഉമയുടേയും അഞ്ചാം വിവാഹ വാര്‍ഷീകത്തിന്റെ ക്ഷണവുമായ് ദേവന്റെ കോള്‍ എന്നെത്തേടിയെത്തി.

“നമ്മുടെ പഴയ ടീം എല്ലാരുമുണ്ട് നീ വന്നേ പറ്റൂ‍..”

കോഴിക്കോട് ട്രൈയിനിറങുമ്പോ എന്നെയും കാത്ത് സ്റ്റേഷനില്‍ പപ്പന്‍ നില്‍പ്പുണ്ടായിരുന്നു.
അഞ്ചു വര്‍ഷത്തെ മാറ്റങള്‍ അവന്റെ രൂപത്തിലും ഞാന്‍ കണ്ടു.
കട്ടിയുള്ള താടിയും, നീണ്ട ജുബ്ബയുമൊക്കെയിട്ട് ഒരു പത്രപ്രവര്‍ത്തകന്റെ എല്ലാ ലക്ഷണങളോടും കൂടി അവന്‍.

കൊലുന്നനെയുള്ള രൂപവും, വലിയ കണ്ണുകളും എപ്പോഴും ചിരിച്ച മുഖവുമായിരുന്ന അവന്റെ ആ പഴയ രൂപം ഓര്‍മ്മയില്‍ തെളിഞു.
ഹോസ്റ്റല്‍ റൂമിലെ കട്ടിലിനു മുകളില്‍ കയറി നിന്ന് പ്രസഗം പരിശീലിച്ചിരുന്ന, സതീശന്‍ കൊണ്ടുവന്നിരുന്ന പട്ടയടിച്ച് ടെറസിനുമുകളില്‍ കിടന്ന് ഉറക്കെ പാട്ടുകള്‍ പാടിയിരുന്ന ഞങളുടെ പപ്പന്‍.
അളിയാ....”
അവനെ കെട്ടിപ്പിടിച്ചപ്പോള്‍ കണ്ണുകളില്‍ ഓര്‍മ്മയുടെ നനവ്.

“എന്നെത്തി നീ ഡെല്‍ഹീല്‍ നിന്ന്..“ പപ്പന്റെ താടിയില്‍ പിടിച്ച് ഞാന്‍ വലിച്ചു
“ഒരാഴച്ചയായ് അളിയാ ..
ഡെല്‍ഹി നിന്നെ ദത്തെടുത്തോ പപ്പാ...ആകെ മൊത്തം ഒരു ഡല്‍ഹി വാലാ ആയ ലുക്ക്.


പപ്പന്റെ കാറില്‍ ദേവന്റെ വീട്ടിലേയ്ക്ക്.
കൊട്ടാരം പോലെയൊരു വീട്ടില്‍ നിറഞ സന്തോഷത്തൊടെ ദേവനും ഉമയും.

പഴയ കൂട്ടുകാരെല്ലാം വീണ്ടും.
സതീശനും, ചൂണ്ടയും, പരിപ്പും , ഫാ. കുഞാടും എല്ലാം പഴയ പോലെ.

വിസ്കിയുടെ ചൂടില്‍ സതീശന്‍ ഫാദര്‍ കുഞാടിനെ കളിയാക്കി ആ പഴയ പാട്ട് വീണ്ടും പാടി

“ കര്‍ത്താവേ ഞാന്‍ ഭര്‍ത്താവില്ലാതേഴും പെറ്റേ...
കര്‍ത്താവിന്റെ കാരുണ്യം കൊണ്ടേഴും ചത്തേ...”

പൊട്ടിച്ചിരികളില്‍ അഞ്ചു വരഷത്തെ ഇടവേളകള്‍ ചിതറിത്തെറിച്ചു.

വീട് നടന്നു കാണിയ്ക്കുന്നതിനിടയ്ക്ക് ഞാന്‍ ഉമയോട് ചോദിച്ചു

“എന്താ ഉമേ അഞ്ചാം വിവാഹ വാര്‍ഷീകത്തിന് ദേവന്‍ തന്ന സമ്മാനം ..”
വൈരമാലയോ അതോ കാഞ്ചീപുരം പട്ടോ...” ?


“സമ്മാങള്‍ ഒരുപാടുണ്ട് വിനൂ
സ്വര്‍ണ്ണവും, പട്ടും, രത്നവുമൊക്കെ...എന്റെ ഭാഗ്യം എന്താണെന്നറിയോ...”
“ഇന്നും അവന്‍ എന്നെ പ്രണയിക്കുന്നു വിവാഹം കഴിഞ് അഞ്ചു വര്‍ഷമായിട്ടും, ഓരോ നിമിഷവും എന്നെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നു. ഏതോ ജന്മത്തില്‍ ചെയ്ത പുണ്യം ഞാനിപ്പോ അനുഭവിക്കാ... ”
സന്തോഷം കൊണ്ടവളുടെ കണ്ണുനിറഞു..

ഏത് വിലപിടിച്ച സമ്മാനത്തേക്കാളും കൂടുതല്‍ ഞാന്‍ സൂക്ഷിക്കുന്ന ദേവന്റെ സ്നേഹം നിനക്കു കാണണോ....
എന്നെയും കൂട്ടി അവള്‍ മറ്റൊരു റൂമിലേയ്ക്ക് നടന്നു

അലമാരിയില്‍ നിന്ന്‍ ഒരു പളുങ്ക് പെട്ടിയെടുത്ത് എന്റെ മുന്നില്‍ വച്ച് പതിയെ തുറന്നു.
അതില്‍ നിറയെ
വാടിക്കരിഞ പൂവിതളുകള്‍.. വര്‍ണ്ണക്കടലാസുകളില്‍ സ്നേഹക്കുറിപ്പുകള്‍.


എന്റെ ചെവിയില്‍ പഴയൊരു തേങലിന്റെ അലകള്‍ മൂഴങി.
നിറഞ കണ്ണുകളോടെ അവളാ പളുങ്ക് പെട്ടിയെടുത്ത് നെഞ്ചോട് ചേര്‍ത്തുവച്ചു

ഒന്നും പറയാതെ ഞാനാ മുറിയീല്‍ നിന്നിറങി
മുന്നില്‍ ആ വലിയ ഹാളിന്റെ മൂലയില്‍ വച്ചിരുന്ന താജ്മഹലിന്റെ വെണ്ണക്കല്‍ ശില്‍പ്പത്തില്‍ കണ്ണും നട്ട് പപ്പന്‍ നില്‍ക്കുന്നു.

കണ്ണുകളില്‍ നിറഞ തുള്ളികള്‍ പതിയെ പതിയെ ആ രൂപം കാഴ്ച്ചയില്‍ നിന്നു മറച്ചു.

തിരിച്ചുള്ള യാത്രയില്‍ ഞാനോര്‍ത്തതു മുഴുവന്‍ കയ്യൊപ്പുകളെ കുറിച്ചാണ് നാം പോലുമറിയാതെ നമ്മുടെ ജീവിതത്തില്‍ കയ്യോപ്പ് ചാര്‍ത്തുന്നവരെക്കുറിച്ച്.

https://www.facebook.com/vingish.pandavas


--പാണ്ഡവാസ് --

"ഓര്‍മ്മയുടെ ഒരു കൊള്ളിയാന്‍ ................"

 ആമി
.................................................................................
ഒരുകാലത്ത് ഒരുപാട് പുസ്തകങ്ങള്‍ വായിച്ചിരുന്നു, എണ്ണമില്ലാത്ത, രെസമുള്ളതും വിരസതയുളവാക്കുന്നതും ഒക്കെ...... അങ്ങനെ വായിച്ച പുസ്തകങ്ങളില്‍ ചിലതൊക്കെ ഓര്‍മയുണ്ട്...
ചിലതൊക്കെ അപൂര്‍ണമായ ഒരു ഓര്‍മ മാത്രം ബാക്കി വെച്ചു പോയി...

പണ്ട് പണ്ട് ആ ഗ്രാമത്തില്‍ ഒരു ബസ്‌ സ്റ്റോപ്പ്‌ ഉണ്ടായിരുന്നു, ഗ്രാമത്തിന്‍റെ ആകെയുള്ള ഗതാഗതം ആ ബസ്‌ മാത്രം ആയിരുന്നു. കഥാനായകന്‍ ആ ബസില്‍ വന്നിറങ്ങും. എവിടെ? ആ സ്റ്റോപ്പില്‍ . അതിന്‍റെ പിറകില്‍ ഒരു ചായപീടിക ഉണ്ടാവും. ഒരു വൃദ്ധന്‍ ചായക്കടക്കാരനും. കാണുന്നുണ്ടോ?
ഒന്നുരണ്ടു ചീഞ്ഞ പഴങ്ങള്‍ മാത്രം ഉള്ള ഒരു കുലയും, കണ്ണാടി പെട്ടിയില്‍ എണ്ണ കനച്ച ചില പലഹാരങ്ങളും, പിന്നെ ബീഡി കെട്ടുകളും അവ പുകക്കാന്‍ വെച്ചിരിക്കുന്ന ചെറിയ റാന്തലും പേപ്പര്‍ കഷ്ണങ്ങളും...
കണ്ടോ?
ഓര്‍ക്കുന്നുണ്ടോ?
വന്നിറങ്ങിയ കഥാനായകന്‍ ആ ഗ്രാമത്തില്‍ ബാല്യം കഴിച്ചിരുന്നതായിരുന്നു... ബസ്‌ നിക്കുന്ന റോഡ്‌ മുന്നോട്ടില്ല, റോഡിന്‍റെ അറ്റത്തുനിന്ന് പാടത്തിന്‍റെ വരമ്പ് തുടങ്ങും.. ആ പാടത്തിന്‍റെ ആത്മാവിനെ കീറിമുറിച്ചു ഒരു ചാലും.. പാടത്തിന്‍റെ അറ്റത്താവും ഈ വന്നിറങ്ങിയ ആളുടെ പഴയ തറവാട്...

ഒരു മുറ്റവും, മുറ്റത്ത് ഒരു മാവും ഉണ്ടാരുന്നു, വീടിന്‍റെ ഉമ്മറത്ത്, അവിടെ ഓടികളിച്ചു നടന്നിരുന്നു ഒരു ഉണ്ണി, അതിനെ മാംപൂ നുള്ളിയതിനു അമ്മ തല്ലിയെന്നും .. അമ്മയോട് പിണങ്ങി പോയ ആ ഉണ്ണിയെ പിന്നെ ആരും കണ്ടില്ലാത്രേ....മറ്റൊരു ഉണ്ണിയെ പൂതംപിടിച്ചോണ്ട് പോയി...എങ്കിലും ധൈര്യശാലിയായ അമ്മ തിരികെ നേടി ഉണ്ണിയെ......

ഒരു കൈസര്‍ ഉണ്ടായിരുന്നു വീട്ടില്‍ , ധൈര്യശാലിയായ ഒരു കൈസര്‍ . അത് ആരെയും വീട്ടിലേക്ക് അടുപ്പിക്കില്ലായിരുന്നുവത്രേ....

ഗ്രാമത്തില്‍ ഒരു കുന്നുണ്ട്... മണല്കൊണ്ടുള്ള കുന്ന്... അതിന്‍റെ ചെരിവില്‍ ഒരു തോടും പിന്നെ കാവും... ആ കാവില്‍ ഏതോ ചാത്തനോ മറുതയോ ഒക്കെ ഉണ്ടെന്നു തോന്നുന്നു. അതോ ഇല്ലേ? കുന്നിന്‍റെ ചെരിവില്‍ മരത്തിന്‍റെ കീഴില്‍ ഒരു മജീദ്‌ വരുമായിരുന്നു, ഏതോ സുഹറയെ അന്വേഷിച്ച് എന്നും കാണും അവര്‍ എന്നാലും അവനെപ്പോഴും സുഹറയെ തിരഞ്ഞു നടന്നു.....

ദുഷ്ടന്മാരായ ജെന്മിമാരുടെ കാല്‍ക്കീഴില്‍ പല പട്ടിണിപ്പാവങ്ങളും ജീവിച്ചു തീര്‍ത്തു ആ ഗ്രാമത്തില്‍ ... ഒരു കുട്ട്യേടത്തി തൊഴുതിരുന്നു ഇടക്ക് ആ കാവില്‍ ...കറുത്ത് കറുത്ത ഒരു കുട്ട്യേടത്തി....ഉണ്ണിക്കൊരു കുഞ്ഞേടത്തിയും ഉണ്ടായിരുന്നു, പിന്നെ കോതമ്പക്കതിരിന്‍റെ നിറമുള്ള പേരറിയാത്ത ഒരു പെണ്‍കിടാവും.....

രാത്രിമഴ...അത് നോക്കി ആരെയോ കാത്തിരിക്കുന്ന ഒരു പെണ്ണും...കുതിരയുടെ കുളമ്പടിയാല്‍ രാത്രിയുടെ നിശബ്ദതയെ കാറ്റില്‍ പറത്തിക്കൊണ്ട് പാഞ്ഞു പോയൊരു രാജകുമാരന്‍ പ്രോക്രൂസ്റ്റസ്സിനെ അടിച്ചു വീഴ്ത്തി, യവനചരിത്രാതീത യുഗങ്ങളെ അടിമുടി പുളകം ചാര്‍ത്തി ഒരു അനശ്വര നക്ഷത്രക്കതിരായത് കണ്ടു ആ പെണ്‍കുട്ടി......

ഇപ്പൊ അവസാനിച്ചുവോ ഓര്‍ത്തതെല്ലാം?? ഇല്ലെന്നു തോന്നുന്നു...ഓര്‍ത്തു തുടങ്ങിയപ്പോള്‍ ഒരുപാടുണ്ടായിരുന്നു...ഇപ്പൊ ഇരുട്ടായി വീണ്ടും... പണ്ടൊരു രാജാവിന്‍റെ യൌവ്വനം മകനില്‍ നിന്നും ദാനം കിട്ടിയതായിരുന്നു അത്രേ, അവരും ജീവിച്ചത് ഈ മണ്ണില്‍ തന്നെയായിരുന്നു......

എന്നും രണ്ടാമൂഴത്തില്‍ തളച്ചിട്ട വിദ്വാന്‍റെ കാലടി ഉണ്ട് ഒരു കരിങ്കല്‍ പാറയുടെ മുകളില്‍ ......കയറുപിരിക്കുന്ന ഏതോ പെണ്ണുങ്ങള്‍ വള കിലുക്കി ശബ്ദമുണ്ടാക്കുന്നു കേള്‍ക്കാമോ? അയാള്‍ ഉണ്ടല്ലോ ബസ്‌ വന്നിറങ്ങിയ ആള്‍ , ആളുടെ അടുത്തേക്ക് ഒരു ചന്ദനക്കട്ടില്‍ കൊണ്ടുവന്നു....ആള്‍ വാങ്ങി അതിലായി ഉറക്കം...കേമം അല്ലെ....കാണാമോ ആളെ? ആളുടെ വീട്ടിലെ മുത്തശ്ശന്‍ കലശലായ ചുമ മൂലം മരിക്കാന്‍ പോവാത്രേ....മുത്തശ്ശന്‍ മുത്തശ്ശിയുടെ കൈപിടിച്ചു ജെന്നലരികില്‍ നില്‍പ്പാണ്..... കാവിലെ കല്ല്‌ പ്രതിഷ്ടയില്‍ ആ കോളേജ് പ്രൊഫെസ്സര്‍ തന്‍റെ ഭാര്യയെ തലക്ക് അടിച്ചു കൊന്നു.....അങ്ങോര്‍ക്ക് ബുദ്ധിഭ്രമം, അല്ലാതെന്താ അല്ലെ?? രഘുവിന്‍റെ ബന്ധു, ആ വീട്ടിലാണ് പേപ്പട്ടി കടിയേറ്റു മരിച്ചത്!! കേള്‍ക്കുന്നില്ലേ ആ മുഴങ്ങുന്ന രോദനം! മനുഷ്യനാണ് എന്നാലും നായയുടെ പോലെ മോങ്ങുന്നു....കഠിനം തന്നെ....
ഒരു കൂട്ടുകാരിയെയും കാണാന്‍ ഇല്ലല്ലോ ഈ വഴിക്കെങ്ങും...ആ കുടിലില്‍ ഒരു ചെക്കന്‍ ഉണ്ടായിരുന്നു അവന്‍റെ പേര് മറന്നു പോയി...അമ്മ മാത്രേ ഉള്ളു അവന്.. പാവങ്ങള്‍ ......

ചിത്രങ്ങള്‍ എല്ലാം മങ്ങി പോവുന്നു...ഇടക്കൊക്കെ വെള്ളിയാങ്കല്ല് കടന്നു വന്ന തുമ്പികളെ പോലെ വേഗതയില്‍ തെന്നി മാറുന്നു....ഓര്‍മയില്‍ ആരോ വെള്ളം കോരി ഒഴിച്ച പോലെ....ഹ്മ്മ്മം ഓളങ്ങള്‍ നിലക്കട്ടെ...അപ്പൊ വീണ്ടും കാണും...ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്ന ആളുകളെ ഒക്കെ കാണും...ഓരോ കുന്നും ഓരോ മരവും ഓരോ വീടും കാണും...ഒക്കെയിടത്തും കയറി ഇറങ്ങാം.....ഭൂമിയിലെ അവകാശികളില്‍ ഒരാള്‍ അല്ലെ ഞാനും....പ്ടും!!!!

പ്രകൃതിയും പ്രണയവും

നിന്റെ കണ്ണുകള്‍,
അനുവാദം നല്‍കിയോ സൂര്യനും ചന്ദ്രനും
ആ പ്രകാശം പ്രതിഫലിപ്പിച്ചു ഭൂമിക്ക് നല്‍കുവാന്‍
നിന്റെ ചുണ്ടുകള്‍,
ഞാവല്‍ പഴങ്ങള്‍ പറഞ്ഞു
ആ മധുരം നീ കൊടുത്തത് എന്ന്
നിന്റെ മുടിയിഴകള്‍,
പൂക്കള്‍ പറഞ്ഞു ആ സുഗന്ധം നീ
ഇളം കാറ്റില്‍ പരത്തുവാന്‍ പറഞ്ഞെന്നു
നിന്റെ വിരലുകള്‍,
മുന്തിരി വള്ളികള്‍ക്ക് നല്‍കി
പ്രണയതോടെ ചുറ്റി പടരുവാന്‍
നിന്റെ കവിളുകള്‍
ആപ്പിള്‍ പഴങ്ങള്‍ സ്വകാര്യം പറഞ്ഞു
ആ മാദകത്വം കടമായി വാങ്ങിയത് എന്ന്
നിന്റെ പുഞ്ചിരി,
അത് നീ എനിക്ക് നല്‍കി
അലിഞ്ഞു ഇല്ലതാവുവാന്‍
എനിക്ക് ചിറകുകള്‍ മുളച്ചു....
അക്ഷരങ്ങളിലൂടെ നിന്നിലേക്ക്
പറന്നു വരുവാന്‍................
അനാദിയാം പ്രകൃതിയേ....
ഭൂമീ ദേവിയെ....
എന്നിലെ പ്രണയം എന്നും നിനക്കായല്ലോ.

'അവസാനത്തെ ബസ്സ്‌ '


പ്രജില്‍ അമന്‍ 












13 പാട്ടുകളുടെ ദൂരമാണ്
വീട്ടിലേക്കു .

120 ഇലക്ട്രിക്‌ പോസ്റ്റുകളും അതില്‍
കത്താതെ നില്‍ക്കുന്ന
97 ബള്‍ബുകളും കടക്കണം .

നിരാശ ബാധിച്ച കാറ്റിനു
വിയര്‍പ്പിന്റെയും മദ്യത്തിന്റെയും
മണമാണ് .

ഹെഡ്‌ ലൈറ്റ് വെളിച്ചം ചെന്ന് തൊടുമ്പോളാണ്
ഉറക്കംതൂങ്ങിത്തുടങ്ങിയ കുറ്റിക്കാടുകള്‍
കറുപ്പില്‍ നിന്നും പച്ചയിലേക്ക് ചാടുന്നത്

സിംഹത്തിന്റെയും ,കൊക്കിന്റെയും,
ചൂണ്ടലിടുന്ന മീന്പിടുത്തക്കാരന്റെയും
വീടുകള്‍ താണ്ടണം

മൂന്നാമത്തെ പാട്ടിലാണ്
സിംഹത്തിന്റെ വീട് .
കത്താത്ത 30ആമത്തെ ഇലക്ട്രിക്‌ പോസ്ടിനടുത്തു
കൊക്കിന്റെയും .

ഇ എം എസ്സിന്റെ പേരെഴുതിയ
ചുവന്ന കെട്ടിടത്തില്‍ നിന്ന്
കട്ടന്ചായയുടെയും പരിപ്പുവടയുടെയും
കാശിനെ ചൊല്ലിയുള്ള
'ധൈഷണിക കശപിശ 'കേള്‍ക്കാം .

പിന്നെ ഒരു കുരിശു പള്ളി ,
രണ്ടു അമ്പലം ,മൂന്നു കള്ളുഷാപ്പ്
മനുഷ്യനെ പച്ചക്ക് വെട്ടാന്‍ ലൈസന്‍സുള്ള
ബാര്‍ബര്‍ രാജയുടെ കട

ഇതാ പതിമൂന്നാമത്തെ പാട്ടുകഴിയുന്നു
ഞാനും എന്റെ ശ്വാസവും
വീട് തേടട്ടെ .

'അവസാനത്തെ ബസ്സ്‌ '/ Prajil Aman

ഹിമാലയം വിളിക്കുന്നു.

സുര്‍ജിത്ത് അയ്യപ്പത്ത്‌.
ഡല്‍ഹി ചുട്ടു പോള്ളുകയാണ്. അപ്പോഴാണ്‌ തണുത്ത വെള്ളത്തില്‍ നാരങ്ങ നീരും ഒരു മസാല പൊടിയും കലര്‍ത്തിയ ഒരുപാനീയം ശ്രദ്ധയില്‍ പെട്ടത്. നമ്മുടെ നാട്ടിലെ സോഡാ വെള്ളത്തില്‍ നിന്നും വിഭിന്നമായിരുന്നു അതിന്റെ രുചി. അതിന്റെ സ്വാദ് എന്റെ നാവിലെ രസമുകുളങ്ങളെ ഉധീപിപ്പിച്ചു. അതുകൊണ്ട് തന്നെ ആ വെള്ളം കുടിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഞാന്‍ വീണ്ടും വീണ്ടും പുറത്തിറങ്ങിക്കൊണ്ടിരുന്നു.
വണ്ടി സംഘടിപ്പിക്കാന്‍ പോയവരെ കാണാനില്ല. സമയം വൈകുകയാണ്. ലഗേജുകള്‍ക്ക് കാവല്‍ നിന്നിരുന്ന അനോണ ചേച്ചിയും, സീബ ചേച്ചിയും ക്ഷീണത്താല്‍ ഉറക്കമായി. എലിസബത്ത്‌ ചേച്ചി ഔട്ട്‌ ലുക്ക്‌ ട്രാവലര്‍ ബുക്കില്‍ ഉത്തര്‍ഘട് കാഴ്ചകളെ പരതുകയായിരുന്നു. സമയം ഒരുമണി ആയിട്ടും വാഹനം അന്വേഷിച്ചു പോയവരെ ഇനിയും കണ്ടില്ല. ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി. പുറത്തെ ഹോട്ടലുകളില്‍ നല്ല കേരളീയ ഭക്ഷണം കിട്ടും എന്നറിഞ്ഞതോടെ ഭക്ഷണ നിലപാടില്‍ ചില വിട്ടു വീഴ്ച ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. തൂവെള്ള ചോറും, മീന്‍ വറുത്തതും കൂട്ടി ഒരു ഊണ്. വില മുപ്പതിഅഞ്ചു രൂപ. സാമ്പാര്‍ അസ്സലായിരുന്നു. മീന്‍ വറുത്ത് മഹാ മോശം. ഉണക്ക മീന്‍ ആയിരുന്നു എന്ന് കഴിച്ചു നോക്കിയപ്പോഴാണ് മനസിലായത്. കൂട്ടത്തിലെ മഹിളകള്‍ക്ക് മീന്‍ വറുത്തതില്ലാതെ ഊണ് പൊതിഞ്ഞു വാങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക്‌. കേരളത്തില്‍ ഒട്ടും തന്നെ കണ്ടിട്ടില്ലാത്ത അതി സുന്ദരമായ ട്രെയിനുകളും പൊളിച്ചു വില്‍ക്കാരായ തുരുമ്പന്‍ പാസഞ്ചറുകളും ഞങ്ങള്‍ക്ക് മുന്നിലൂടെ പോയി വന്നു കൊണ്ടിരുന്നു. ഉച്ച പോകാറായിട്ടും വണ്ടി തപ്പി പോയവരെ കണ്ടില്ല. സന്ധ്യയായി. ഒരു ദിവസം കൂടി നഷ്ട്ടപ്പെടുകയാണ്. വിളി വന്നു. വാഹനം ലഭ്യമായില്ല. അവര്‍ തിരികെയെത്തുന്നു എന്നറിയിച്ചു. ബസ്സില്‍ ഋഷികേശിലേക്ക് യാത്ര ചെയ്യാനായിരുന്നു തീരുമാനം. വണ്ടി തിരഞ്ഞു പോയവര്‍ വെറും കയ്യോടെ തിരിച്ചെത്തുമ്പോള്‍ സമയം എട്ടു മണി. മെട്രോ ട്രെയിനില്‍ ഓള്‍ഡ്‌ ഡല്‍ഹി സ്റ്റാന്റ് ലേക്ക് പോകാന്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് കടന്നു. റെയില്‍വേ സ്റ്റേഷന്‍ സമീപത്തു തന്നെയാണ് മെട്രോ റെയില്‍വേ സ്റ്റേഷനും. പൂര്‍ണമായും ശീതീകരിച്ച റെയില്‍വേ സ്റ്റേഷന്‍ വൃത്തിയുടെ കാര്യത്തിലും ഒന്നാമതാണ്. മെട്രോ റെയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്തിനു പിന്നില്‍ പാലക്കാട്ട് കാരനായ ശ്രീധരന്‍ നായരുടെ വൈദഗ്ദ്ധ്യം തന്നെയെന്ന് ചുവരില്‍ പതിച്ചിരിക്കുന്ന ചിത്രങ്ങള്‍ വിളിച്ചു പറയുണ്ടായിരുന്നു. കര്‍ശന പരിശോധനയാണ് റെയില്‍വേ സ്റ്റേഷനില്‍ . പന്ത്രണ്ടു രൂപ ടിക്കറ്റ് എടുത്ത് ഞങ്ങള്‍ ഫ്ലാറ്റ് ഫോമില്‍ എത്തി. ഞൊടിയിടയില്‍ ട്രെയിന്‍ എത്തി. കനത്ത ചൂടില്‍ റെയില്‍വേ സ്റ്റേഷന്‍ലെ ശീതളിമ വലിയ സുഖമാണ് നല്‍കുന്നത്. 
പങ്കജ് ഉദാസിന്റെ “ചാന്ധി ജൈസാ രംഗ് ഹെ തേരാ” എന്നാ വിഷ്വല്‍ ആല്‍ബത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു. മെട്രോ റെയില്‍വേ യാത്രാനുഭവം. തുരംഗങ്ങളും വലിയ പാലങ്ങളും പിന്നിട്ട് ട്രെയിന്‍ കുതിച്ചു പാഞ്ഞു; ശര വേഗത്തില്, ഒരു ചാഞ്ചാട്ടം പോലും ഇല്ലാതെ. പുതിയ ഡല്‍ഹിക്കും പഴയതിനുമിടയില്‍ അവശേഷിക്കുന്നത് രണ്ടു സ്റ്റേഷന്‍ മാത്രം. ഓരോ സ്റ്റേഷന്‍ പിന്നിടുമ്പോഴും ഡോര്‍ ഡിസ്പ്ലയും ഉണ്ടാകും. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഇരിക്കാന്‍ കഴിയൂ. എന്നാല്‍ ഒരുപാട് പേര്‍ക്ക് സുഖമായി നിന്ന് യാത്ര ചെയ്യാം.ഓള്‍ഡ്‌ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍. ഡോര്‍ ഡിസ്പ്ലേയില്‍ എഴുതി കാണിച്ചു. നിമിഷങ്ങള്‍ക്കകം ട്രെയിന്‍ സ്റ്റേഷനില്‍ എത്തി. ഡോര്‍ മലര്‍ക്കെ തുറക്കപ്പെട്ടു. ഓള്‍ഡ്‌ ഡല്‍ഹി സ്റ്റേഷന്‍നും ആഡംബരം തന്നെ. ആ ശീതളിമയില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ചുടു കാറ്റ് വീശുനുണ്ടായിരുന്നു. മെട്രോ റെയില്‍വേ സ്റ്റേഷന് അടുത്ത് തന്നെയാണ് ബസ്‌ സ്റ്റാന്റ്. ബസ്‌ സ്റ്റാന്റില്‍ ഇരുന്ന് ലഘു ഭക്ഷണം കഴിച്ചു. ഹരിദ്വാര്‍, ഹൃഷികേശ് ഇന്റര്‍ സ്റ്റേറ്റ് ബസുകള്‍ ഒന്നിന് പിറകെ ഒന്നൊന്നായി വന്നു പോയിക്കൊണ്ടിരിക്കുന്നു. ബസ്സില്‍ കയറി. എല്ലാ സീറ്റുകളിലും ആളുകള്‍ നിറഞ്ഞിരിക്കുന്നു. 

ഡല്‍ഹിയില്‍ നിന്നും ഹൃഷികേശ് വരെ ആറ് മണിക്കൂര്‍ യാത്രയുണ്ട്. ടിക്കറ്റിന് 157രൂപയാണ് നിരക്ക്. രാത്രി ഒന്‍പതു മണിയായിട്ടും കനത്ത ചൂട്. ഒരു ഇളം തെന്നളിനായി മനസ് വെമ്പല്‍ കൊണ്ടു. പക്ഷെ, ആഞ്ഞു വീശുന്നത് ചുടു കാറ്റാണ്. ബസ്സിന്റെ അകം ചുട്ടു പോള്ളുകയാണ്. ബസ്സില്‍ ടിക്കെറ്റ് മുന്‍കൂറായി എടുക്കണം. നമ്മുടെ നാട്ടിലെ ബസ്സുകളെ അപേക്ഷിച്ച് സീറ്റുകള്‍ തമ്മിലുള്ള അകലം നന്നേ കുറവാണ്. അത് കൊണ്ടു ഇരിപ്പിന് ഒരു സുഖം പോര. കാലുകള്‍ മുന്‍സീറ്റില്‍ മുട്ടും. ഇപ്പോള്‍ വീശറിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. പത്തു രൂപ കൊടുത്താല്‍ കാണാന്‍ ചേലുള്ള ചിത്രപ്പണി ചെയ്ത മടക്കാന്‍ കഴിയുന്ന വീശറി കിട്ടും. വീശറി വാങ്ങി ആഞ്ഞു വീശിയിട്ടും വിയര്‍പ്പു വറ്റുന്നില്ല. ചൂട് കൂടിക്കൊണ്ടെയിരിരുന്നു. 
ബസ്‌ ഓടി തുടങ്ങി. നഗര വല്‍ക്കരണത്തിന്റെ കുതിപ്പില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ കൂട്ടം ഞാന്‍ ഹൈമാസ്റ്റ് ലൈറ്റ്കളുടെപ്രകാശത്തില്‍ തെരുവുകളില്‍ കണ്ടു. അന്തിയുറങ്ങാന്‍ രോടരുകുകളെ പ്രാപിച്ച കുരുന്നുകളെ കണ്ടു. വരണ്ടുണങ്ങിയ മണ്ണ് കണ്ടു. ബസ്സ്‌ കുതിച്ചു പായുകയാണ്. ശക്തിയായി പൊടിക്കാറ്റു വീശുന്നു. നാസദ്വാരങ്ങളെ അത് അലോസരപ്പെടുത്തുന്നു. ഉറങ്ങാന്‍ കഴിയുന്നില്ല. വിയര്‍പ്പ് അടി വസ്ത്രങ്ങളെ പോലും നനച്ചിരിക്കുന്നു. ആകെ ഒരു അസ്വസ്തത. ഇടയ്ക്കു എവിടെയോ ബസ്‌ നിര്‍ത്തി. അടുത്ത് കണ്ട ഒരു ഹോട്ടലില്‍ നിന്നും ഒരു ചായ കുടിച്ചു. പതിനഞ്ചു മിനിറ്റ് അവിടെ നിര്‍ത്തിയിട്ട ശേഷം ബസ്‌ യാത്ര തുടര്‍ന്നു. 
ഉറങ്ങി എഴുന്നേല്‍ക്കുന്നത്‌ ബസ്‌ ഋഷികേശ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ്. ഡല്‍ഹിയും ഉത്തര പ്രദേശും പിന്നിട്ട് ബസ്‌ ഉത്തര്‍ഘടില്‍ എത്തിയിരിക്കുന്നു. ഹിമാലയത്തിന്റെ വാതിലാണ് ഇവിടം. ഗംഗ നദി അതിന്റെ പരിപൂര്‍ണ്ണ പ്രൌഡിയില്‍ ആകുന്നതും ഇവിടെനിന്നാണ്. നേരം പുലര്‍ന്നിട്ടെ ഉള്ളൂ. ഒരുദിനം താങ്ങാനുള്ള ഇടം തേടി ഞാനും, ബഷീര്‍ മാഷും ശ്രീനിവാസനും ഒരു ഓട്ടോ വിളിച്ച് യാത്ര ആരംഭിച്ചു. ബാക്കിയുള്ളവര്‍ ബസ്‌ സ്റ്റാന്‍ഡില്‍ തന്നെ നിലയുറപ്പിച്ചു. ശിവാനന്ദശ്രമം ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആരുടെയോ യാത്രവിവരണ പുസ്തകത്തില്‍ ശിവാനന്ദാശ്രമം സംബന്ധിച്ച് പരാമര്‍ശം കണ്ടിട്ടുണ്ട്. ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ശിവാനന്ദ ആശ്രമത്തിനു മുന്നിലെത്താന്‍ അമ്പതു രൂപ കൊടുക്കണം. അവിടെ ചിലവു കുറഞ്ഞ രീതിയില്‍ താമസിക്കാന്‍ ഇടം കിട്ടുമത്രേ. ഓട്ടോ റിക്ഷ അരിച്ചു നീങ്ങുമ്പോള്‍ ഞാന്‍ പുറം കാഴകളിലേക്ക്‌ കണ്ണും നട്ടിരുന്നു, പോകുന്ന വഴിയില്‍ ഇടതു ഭാഗത്തായി ഒരു നദിയുടെ മൃതശരീരം കണ്ടു, വരണ്ട് ഉണങ്ങിയ ആ നദിയിലെ പുല്‍ പടര്‍പ്പുകള്‍ക്കിടയില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തുന്നവര്‍. എല്ലാവര്‍ക്കും മുന്നില്‍ നിറഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍.

പെട്ടന്നാണ് ആ കാഴ്ച കണ്ടത്. റോഡിന്റെ വലതു ഭാഗത്ത്‌ ഗംഗ കുതിച്ചോഴുകുന്നു. നാട്ടിലെ പാടങ്ങള്‍ ഉഴുതു കഴിഞ്ഞാല്‍ തോടുകളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ നിറമായിരുന്നു അതിന് കലങ്ങി മറിഞ്ഞ് ഇരമ്പിയാര്‍ക്കുന്ന മഹാ പ്രവാഹം. ഞാന്‍ കിനാക്കണ്ട ഗംഗക്ക് ഈ നിറമായിരുന്നില്ല; ഈ മുഖം ആയിരുന്നില്ല.
ശിവാനന്ദ ആശ്രമത്തിന് താഴെ ഉള്ള ആശുപത്രിക്ക് മുന്നിലാണ് ഓട്ടോ റിക്ഷ നിര്‍ത്തിയത്. താഴെ ഗംഗ നദി പരന്നൊഴുകുന്നു. ഗംഗക്കു കുറുകെ സ്ഥാപിച്ചിരിക്കുന്ന രാംജൂല(തൂക്കു പാലം)യിലൂടെ ചിലര്‍ അങ്ങോട്ടും, ഇങ്ങോട്ടും നടക്കുന്നു. പാലത്തില്‍ ഒറ്റപ്പെട്ട ചില മോട്ടോര്‍ ബൈക്ക്കളും കണ്ടു. ശിവാനന്ദ ആശ്രമത്തിന്റെ പടികള്‍ ഒന്നൊന്നായി കയറി. മരങ്ങള്‍ക്ക് താഴെ മാര്‍ബിള്‍ പതിച്ച ഇരിപ്പിടങ്ങള്‍. ഒരു ഭാഗത്ത് അതിഥി മന്ദിരം.. ആശ്രമത്തിന്റെ ഗോപുരത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിമരത്തില്‍ പാറിക്കളിക്കുന്ന പതാകക്ക് കുങ്കുമ വര്‍ണം. ബഷീര്‍ മാഷ് ആണ് താമസ സൗകര്യം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കാന്‍ പോയത്. ഞങ്ങള്‍ അതിനിടെ പ്രാഥമിക കൃത്യങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍കൂട്ടി അറിയിക്കതിരുന്നതിനാല്‍ താമസ സൗകര്യം ലഭ്യമായില്ല. ഞങ്ങള്‍ ഗംഗയില്‍ ഒന്ന് മുങ്ങി കുളിക്കാന്‍ തന്നെ തീരുമാനിച്ചു. നാട്ടിലെ ചെറു യാത്രകളില്‍ ചെറു വെള്ള ചട്ടങ്ങളില്‍ പോലും ഒരു കുളി പതിവാണ്. ജീവന വാഹിനിയായ ഗംഗ ഒഴുകിക്കൊണ്ടെയിരിക്കുന്നു. അക്കരെയും ഇക്കരെയും അനവധി ആശ്രമങ്ങള്‍, ധര്‍മ ശാലകള്‍, ക്ഷേത്രങ്ങള്‍. അക്കരെ ഗംഗയിലേക്ക് ഇറങ്ങി ചെല്ലുന്ന കല്‍പ്പടവുകളില്‍ കുറെ പേര്‍ കുളിക്കുന്നുണ്ട്. സമയം ആറ് മണി കഴിഞ്ഞിരിക്കുന്നു. മൂടല്‍ മഞ്ഞോ, മൂടിക്കെട്ടലോ ഇല്ല..
ഗംഗയില്‍ കാല്‍ നനച്ചു. തണുപ്പ് അത്ര അസഹനീയമായി തോന്നിയില്ല. മുന്‍പ് അഗസ്ത്യാര്‍കൂടതിലും, സൈലന്റ് വാലി മുക്കാലിയിലെ ഫോറസ്റ്റ് ഡോര്‍മെട്രിക്ക് പിറകിലൂടെ ഒഴുകുന്ന കുന്തി പുഴയിലും കുളിച്ച ഒരു അനുഭവം. അതിനെക്കാള്‍ ചെറിയ തണുപ്പ് കൂടുതലുണ്ട്. സമയം പാഴാക്കാതെ ഞങള്‍ കുളിച്ചു കയറി. ബസ്‌ സ്റ്റാന്റില്‍ ഉള്ളവരോട് സമാന്തര മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കച്ചവട സ്ഥാപനങ്ങള്‍ തുറക്കുന്നതെയുള്ളൂ. കുറച്ചു കുട്ടികള്‍ ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയതെന്ന് തോന്നും വിധത്തിലുള്ള ഉരുളകളുമായി ഞങ്ങളെ സമീപിച്ചു. “ഗംഗയിലെ മത്സ്യങ്ങള്‍ക്ക് ആഹാരം നല്‍കൂ.. അമ്മയുടെ അനുഗ്രഹം പ്രാപിക്കൂ” അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. പാക്കറ്റിന് വില പത്തു രൂപയാണ്. പാക്കറ്റിന് വില പത്തു രൂപയാണ്. ഞങ്ങളെ കൊണ്ട് പ്രയോജനം ഇല്ലെന്നു കണ്ടപ്പോള്‍ അവര്‍ പിന്‍വാങ്ങി. ഋഷികേശ് ടൌണ്‍ലേക്ക് തിരിച്ചു പോകണം. അവിടെ ഒരു ഹോട്ടലില്‍ മുരിയെടുതതായി അറിയിച്ച് പോള്‍ ഏട്ടന്‍ വിളിച്ചിരുന്നു. വീണ്ടും ഓട്ടോ പിടിച്ചു.
നഗരം കുറച്ചു കൂടി സജീവമായിരിക്കുന്നു. ഋഷികേശ് ബസ്‌ സ്ടന്റിന്റെ സമീപം തന്നെയാണ് ഹോട്ടല്‍. അതിന്റെ ഒന്നാം നിലയില്‍ രണ്ടു മുറികള്‍ ആണ് എടുത്തിരിക്കുന്നത്. യാത്രയെ സംബന്ധിച്ച് ഇപ്പോഴും ധാരണ ആയിട്ടില്ല. ദിവസങ്ങള്‍ വൈകുന്നതിന്റെ ആശങ്ക കൂടി കൊണ്ടിരുന്നു. ഹൃഷികെശിലും ചുടു കാറ്റ് വീശിക്കൊണ്ടിരുന്നു. നല്ല യാത്ര ക്ഷീണം. ഉറക്കം ശരീരത്തെ കീഴ്പ്പെടുത്തി ; മനസിനെയും. ഉച്ചക്ക് രണ്ടു മണിക്കാണ് ഉണര്‍ന്നത്. അപ്പോഴേക്കും അനോണ ചേച്ചിയും, പോള്‍ ഏട്ടനും, എലിസബത്ത്‌ ചേച്ചിയും യാത്രക്കുള്ള വാഹനത്തെ സംബന്ധിച്ച് ധാരണ ആക്കിയിട്ടുണ്ടായിരുന്നു. ഇടക്കെപ്പോഴോ നടക്കാന്‍ ഇറങ്ങിയ അവര്‍ ഒരു ട്രാവല്‍ ഏജന്‍സിയെ സമീപിക്കുകയായിരുന്നു. ടാറ്റാ സുമോ ആണ് ബുക്ക്‌ ചെയ്തത്. കേദാര്‍നാഥ്‌ , ബദരി നാഥ്‌, തുംഗനാഥ്‌ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായി വരുന്നത് ഇരുപത്തി ഒന്നായിരം രൂപ. കാലത്ത് നാല് മണിക്ക് വാഹനം എത്തും. സമയം നാല് മണിയോടടുത്ത്. ഭക്ഷണ ശേഷം ഹൃഷികേഷിന്റെ കാഴ്ചകളിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു. ബസ്‌ സ്ടന്റില്‍ ദില്ലി- ഹൃഷികേശ്-ഹരിദ്വാര്‍ ബസ്സുകള്‍ വന്നു പോയിക്കൊണ്ടിരുന്നു. ഓട്ടോയില്‍ തന്നെയാണ് ഞങ്ങള്‍ റാം ത്ജൂലയിലേക്ക് പുറപ്പെട്ടത്‌. അവിടെയെത്തി ദൃശ്യങ്ങള്‍ പകര്‍ത്താനായി ഞങ്ങള്‍ ഞാനും സുബൈറും കൂട്ടത്തില്‍ നിന്നും വേര്‍പിരിഞ്ഞു.
ഗംഗക്ക് ഇരു വശത്തുമായി രൂപപ്പെട്ട നഗരം. ആശ്രമങ്ങളും കച്ചവട സ്ഥാപനങ്ങളും ഗംഗയോളം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഉച്ച തിരിഞ്ഞിട്ടും ചൂട് വിട്ടില്ല. ഹിമാലയ കവാടം എന്ന വിശേഷണം ഉള്ള ഹൃഷികേശ് സങ്കല്‍പ്പങ്ങള്‍ അപ്പാടെ തിരിഞ്ഞു പോയിരിക്കുന്നു. കത്തുന്ന ചൂടിലും ഞങ്ങളുടെ ഹാന്റികാം കണ്ണ് തുറന്നെയിരുന്നു. രുദ്രാക്ഷം മുതല്‍ പേടകത്തില്‍ അടച്ച ഗംഗ ജലം വരെ ഇവിടെ വില്പ്നക്കുണ്ട്. കാഴ്ചകള്‍ ഒന്നൊന്നായി പകര്‍ത്തി ഞങ്ങള്‍ ഗംഗയോട് ചേര്‍ന്നുള്ള പടവുകള്‍ക്കു സമീപത്തെത്തി. കുറച്ചു മുകളിലായി ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മേഞ്ഞ ഒരു കൂട് കണ്ടു. അതിനു മുന്നില്‍ ഒരു കാഷായ വസ്ത്രധാരി. കണ്ണുകളില്‍ നല്ല ഒന്നാം ക്ലാസ്സ്‌ കള്ള ലക്ഷണം. മുടിയും താടിയും നീട്ടി വളര്‍ത്തി, കറുത്ത് മെലിഞ്ഞ്, അര വരെ എത്തുന്ന രുദ്രാക്ഷ മാല കഴുത്തില്‍ അണിഞ്ഞ് ചമ്രം മടിഞ്ഞിരിക്കുന്ന അയാളോട് സംസാരിക്കാന്‍ ഞാന്‍ സുബൈരിനോട് ആവശ്യപ്പെട്ടു. പെട്ടന്ന് തന്നെ സുബൈര്‍ അയാളുമായി ചങ്ങാത്തത്തില്‍ ആയി. അവര്‍ തമ്മിലുള്ള സംഭാഷണം അല്പം നീണ്ടു പോയി. ഭാഷ അറിയാത്തതിനാല്‍ അല്പം മാറിയാണ് ഞാന്‍ നിന്നത്. ഗംഗ നദിയുടെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയിരുന്ന ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ സുബൈര്‍ എന്നെ പരിചയപ്പെടുത്തുകയാണ്. അയാള്‍ നിറഞ്ഞ ചിരിയോടെ എന്നെ അഭിവാദ്യം ചെയ്തു. അങ്ങോട്ട്‌ വരാന്‍ ആംഗ്യം കാട്ടി

വായില്‍ നിന്നും പുറത്തേക്കു തെറിച്ചു വീഴുന്ന വെള്ളി നൂലുകള്‍ക്ക്‌ കഞ്ചാവിന്റെ രൂക്ഷ ഗന്ധം. പ്രാദേശിക ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ ആയതു കൊണ്ട് ഇടയ്ക്കിടെ എക്സൈസ് ഓഫീസില്‍ കയറി ഇറങ്ങിയതിന്റെ മെച്ചം. കഞ്ചാവിന്റെ മണം പിടിക്കാന്‍ പറ്റി. മുറിയന്‍ ഹിന്ദിയില്‍ ഞാന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു, അതിനു മുന്‍പേ അയാള്‍ മുറിയന്‍ മലയാളത്തില്‍ ഇങ്ങോട്ട് പറഞ്ഞു തുടങ്ങി. പൂര്‍വാശ്രമത്തില്‍ നാമം വിജയകുമാരന്‍ നായര്‍ എന്നായിരുന്നുവത്രേ. സ്വദേശം പത്തനംതിട്ട. എന്‍പതിന് മുന്‍പേ നാട് വിട്ടതാണ്. കാരണം ആരാഞ്ഞപ്പോള്‍ മറുപടി ഉണ്ടായില്ല. ഇവിടത്തെ ജീവിതം സുഖകരമാനെന്ന് അയാള്‍ പറഞ്ഞു. ഇതിനിടെ താഴെ ചീട്ടുകളിച്ചിരുന്ന സംഘത്തോട് അയാള്‍ കയര്‍ത്തു; തെറി വിളിച്ചു. ഒരു പോലീസ് പൊലയാടി മക്കളും ഇങ്ങോട്ട് വരില്ല. അവര്‍ക്കെന്നെ നന്നായി അറിയാം. കളിയും കഴിഞ്ഞു പൊടിയും തട്ടി പോകാം എന്ന് ഒരു മക്കളും കരുതേണ്ട. എന്റെ വിഹിതം ആശ്രമത്തില്‍ എത്തിയില്ലെങ്കില്‍ കാണാം, എന്നൊക്കെയാണ് അയാള്‍ പറഞ്ഞതിന്റെ മാന്യമായ മൊഴി മാറ്റം എന്ന് സുബൈര്‍ പറഞ്ഞു. അയാളുടെ ടാര്‍പോളിന്‍ ആശ്രമത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നു. 

ചെറു മയക്കത്തില്‍ ആയിരുന്നു അയാള്‍. ആശ്രമത്തിന്റെ ഉള്‍ഭാഗം കാണാന്‍ ഞങ്ങള്‍ക്ക് അനുമതി കിട്ടി. ആ ചുറ്റുപാട് എന്നില്‍ അല്പം ഭയം ഉണ്ടാക്കിയിരുന്നു. സുബൈര്‍ അകത്തു കയറി നോക്കി പുറത്തു വന്നു, അയാളുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ വിലക്കി. എന്നാല്‍ എന്ത് വന്നാലും ദൃശ്യങ്ങള്‍ എടുക്കും എന്നായി സുബൈര്‍. ഞാന്‍ പ്രതീക്ഷിച്ചത് അയാള്‍ പ്രകോപിതനായി ഞങ്ങളെ ഓടിക്കും എന്നാണ്. പക്ഷെ അത് ഉണ്ടായില്ല. അയാള്‍ ഉറക്കെ വിളിച്ചു. ‘ഓയി രാം ഭായ്, അരെ സാല രാം ഭായ്, ഇതര്‍ ആവോ സാല.‘ ഇതിനിടെ മയക്കത്തിലായിരുന്ന ആള്‍ കണ്ണ് തിരുമ്മി പുറത്തേക്കു വന്നു. ഖദര്‍ ജുബയും, മുഷിഞ്ഞ വെള്ള തുണി കൊണ്ടുള്ള താറും ആയിരുന്നു അയാളുടെ വേഷം. അയാളും വിജയകുമാരന്‍ നായരില്‍ നിന്നും വ്യത്യസ്തന്‍ ആയിരുന്നില്ല. ആടിയുലഞ്ഞു പുറത്തിറങ്ങി വന്ന അയാള്‍ കാരം തിരക്കി. കുറച്ചു ഭസ്മം എടുക്കാന്‍ നായര്‍ ആവശ്യപ്പെട്ടു.. തിരിച്ചെത്തിയ അയാള്‍ സ്വാമിയെ ഭസ്മം പൂശി സുന്ദരന്‍ ആക്കി. മേല്‍മുണ്ട്‌ വിടര്‍ത്തിഇട്ടു. മുടി കൊതി ശരിയാക്കി കൊടുത്തു. അപ്പോഴും അയാള്‍ ആടി ഉലയുന്നുണ്ടായിരുന്നു. വിജയകുമാരന്‍ നായര്‍ സ്വാമി ധ്യാന നിരതനായി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു കള്ള ചിരിയോടെ അനുവാദവും തന്നു. ഒടുവില്‍ എന്നെ ഒന്ന് അനുഗ്രഹിച്ചു ശരിയാക്കാന്‍ സുബൈര്‍ ഒരു ശ്രമം നടത്തി. അനുഗ്രഹ മഹാമഹത്തിനോടുവില്‍ അയാള്‍ നൂറു രൂപ മുന്നിലെ പാത്രത്തില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. പിന്നെ സംസാരം മുഴുവന്‍ ഹിന്ദിയില്‍ ആയിരുന്നു. ഇരുപതു രൂപ കൊടുത്താണ് രക്ഷപ്പെട്ടത്. ഞങ്ങള്‍ കുറച്ചു കഴിഞ്ഞു വരാമെന്നും, കൂടെ കുറെ പേര്‍ ഉണ്ടെന്നും, അവര്‍ക്കും സ്വാമിജിയുടെ അനുഗ്രഹം വേണം എന്നും പറഞ്ഞു. അവരെയും കൂട്ടി ഇപ്പോള്‍ എത്താം എന്ന് കൂടി പറഞ്ഞപ്പോള്‍ നായര്‍ സ്വാമിയുടെ കണ്ണുകള്‍ തിളങ്ങി. ഋഷികെശിലെ സന്യാസി കൂട്ടത്തില്‍ നല്ല ക്രിമിനലുകളും ഉണ്ടെന്നു എന്റെ ഒരു സുഹൃത്ത്‌ യാത്രക്ക് മുന്‍പേ സൂചിപ്പിച്ചിരുന്നു. അത് പരമാര്‍ത്ഥം ആണെന്ന് അല്‍പ നേരത്തെ നടത്തത്തില്‍ നിന്നും തിരിച്ചറിയാന്‍ കഴിഞ്ഞു.
രാംജൂലയില്‍ തിരക്ക് ഏറിയിരിക്കുന്നു. ആള്‍ കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടന്നു നീങ്ങി. തൂക്കു പാലത്തിനു ചെറിയ ഇളക്കം പോലും ഇല്ല. ഇടയ്ക്കിടെ ഇരു ചക്ര വാഹനങ്ങള്‍ വന്നും പോയും ഇരിക്കുന്നു. താഴെ ഇരമ്പി ഒഴുകുന്ന ഗംഗയില്‍ ആരൊക്കെയോ തോണി യാത്ര നടത്തുന്നു. സ്ഫടി ജക്കെറ്റ് ധരിച്ച ചിലര്‍ നീന്തി തുടിക്കുന്നു. ഋഷികേശില്‍ അട്വേഞ്ചാര്‍ ക്ലബുകളും സജീവം ആണ്. രാം ജൂലക്ക് അപ്പുറത്ത് വച്ചാണ് സഹ യാത്രികരെ കണ്ടു മുട്ടിയത്‌. പേരറിയാത്ത ആശ്രമ മുറ്റത്തെ അരമതിലില്‍ നിരന്നിരിക്കുകയാണ് സുഹൃത്തുക്കള്‍. പത്തു രൂപ കൊടുത്താല്‍ ഒരു ദിവസം ചിലവഴിക്കാന്‍ പറ്റിയ ആശ്രമങ്ങള്‍ ഇവിടെയുണ്ട്. ഹോട്ടല്‍ മുറിയെടുത്തത് അബദ്ധമായി പോയി. നിര നിരയായി നിരവധി ആശ്രമങ്ങള്‍.

താഴെ ഗംഗ നദിയിലെ കുളിയിടങ്ങളിലേക്ക് കണ്ണും നട്ടിരിക്കുന്നവരില്‍ കാഷായ വസ്ത്രധാരികളും ഉണ്ട്. ഇനി ഗംഗയുടെ ഇക്കരയിലൂടെ അങ്ങ് ലക്ഷ്മണ്‍ ജൂല വരെ നടക്കണം. നഗര വല്‍ക്കരണത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഹൃഷികെഷിനെ കൂടുതല്‍ സുന്ദരമാക്കുന്നത് ഇപ്പുറത്ത് ആണെന്ന് തോന്നി പോകുന്നു. അങ്ങ് ദൂരെ ഹിമാലയ പര്‍വതത്തിന്റെ ഏതോ ശിഖിരം ആകാശ സീമാകളിലേക്ക് പടര്‍ന്നു നില്‍ക്കുന്നു. ചിലയിടങ്ങളില്‍ അവശേഷിക്കുന്ന ഹരിതാഭ. ഒരു പക്ഷെ ഹൃഷികേശത്തിന്റെ ഭൂതകാലം നിബിഡ വനങ്ങളാല്‍ ചുറ്റപ്പെട്ടതായിരിക്കാം. ഇപ്പുറത്തെ നടത്തം ഏറെ സുന്ദരം ആയി തോന്നി. കച്ചവട സ്ഥാപനങ്ങള്‍ നന്നേ കുറവ്. ആളുകളുടെ ആധിക്യവും ഇല്ല. സമയം സന്ധ്യ ആയിരിക്കുന്നു. ഒരു ആശ്രമത്തില്‍ ഭജന്‍ നടക്കുന്നുണ്ട്. ശിവ സ്തുതികളാണ് ആലപിക്കുന്നത്. ഹാര്‍മോണിയവും, ഡോലക്കും, ഇല താളവും ചേരുമ്പോള്‍ ഭജന്‍ മനോഹരം ആകുന്നു. രണ്ടു വൃദ്ധ സന്യാസിമാരും, കുറച്ചു കുട്ടികളുമാണ് പാടുന്നത്. ഞങ്ങള്‍ അത് ആസ്വദിച്ച് അല്‍പ സമയം ആ ആശ്രമത്തിന്റെ പൂമുഖത്തില്‍ ഇരുന്നു.
ലക്ഷ്മണന്‍ തപസ് ചെയ്തത് കൊണ്ടാണത്രേ ആ തൂക്കു പാലത്തിന് ലക്ഷ്മണ്‍ ജൂല എന്ന പേര്‍ ലഭിച്ചത്. തൂക്കു പാലത്തില്‍ നല്ല തിരക്ക്. സമീപത്തെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയവരുടെ നീണ്ട നിര. ഗംഗാ നദിക്ക് ഇരുവശവും വൈദുതി വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു. നാമ ജപങ്ങളാല്‍ ശബ്ധമുഖരിതമാണ് ഗംഗാ തീരം. ലക്ഷ്മണ്‍ ജൂലക്ക് താഴെ ഗംഗ ഒഴുകിക്കൊണ്ടെയിരിക്കുന്നു. കാഴ്ചകള്‍ മങ്ങി തുടങ്ങുകയാണ്. തിരികെ ഹോട്ടല്‍ മുറിയിലേക്ക് എത്താന്‍ ഓട്ടോ പിടിച്ചു. മുറിയില്‍ സീബ ചേച്ചിയും, ബഷീര്‍മാഷും മാമ്പഴങ്ങളും, ലീച്ച് പഴങ്ങളും ശരിയാക്കുകയാണ്. ഇന്ന് രാത്രിയിലെ ഭക്ഷണം ഇതാണ്. നാളെയാണ് യഥാര്‍ത്ഥ യാത്ര ആരംഭിക്കുന്നത്. പുലര്‍ച്ചെ നാലുമണിക്ക് തന്നെ എഴുന്നെല്‍ക്കേണ്ടാതുണ്ട്. വര്‍ണങ്ങള്‍ തേടിയുള്ള യാത്രയുടെ സ്വപ്നവുമായി നിലത്തു വിരിച്ചിട്ട ബെഡ് ഷീറ്റിലേക്ക്

സദാ ''ജാരം''

 ജിതിന്‍.
 
സ്വപ്നങ്ങള്‍ക്കും
യാഥാര്‍ത്ഥ്യങ്ങള്‍ക്കും
ഇടയിലെ വിദൂരതയിലാണ്
അവള്‍ ഒട്ടപെട്ടത്.
കണ്ണ് തുറന്നു നോക്കിയപ്പോള്‍
ചുറ്റും സദാചാര കഴുകന്മാര്‍ .
ശേഷിച്ച മാനവും അവര്‍
കൊത്തിയെടുത്ത് പറന്നപ്പോള്‍ ,
തൊടിയിലെ കശുമാവിന്‍
കൊമ്പിന്‍റെ ഉറപ്പിനെയോ,
പുഴയുടെ ആഴത്തിനെയോ
പറ്റിയാവണം അവളോര്‍ത്തത്.

ശേഷം...

ഞാനും നീയും അടക്കം
എല്ലാ കഴുവേറി മക്കളും
പുലമ്പിയത് സദാചാരത്തെ
കുറിച്ച് തന്നെയായിരുന്നു

പുത്തകം .കോം

My photo
ഓര്മ്മയൊഴുക്ക് . "ഒരു നദിയൊഴുകുന്നു ഓര്‍മ്മകളിലൂടെ ഓര്‍മ്മപ്പെടുത്തലുകളിലൂടെ എന്നിലൂടെ നിന്നിലൂടെ ചേര്‍ത്തുവെക്കാം നമുക്കാ ഓര്‍മ്മയോഴുക്കിനെ www.putthakam.com

www.putthakam.com,

About this blog

Followers

Powered by Blogger.
ജാലകം