വിന്‍ജീഷ് പാണ്ഡവാസ്
.................................................................................“എന്റെ മണ്‍ വീണയില്‍ കൂടണയാനൊരു
മൌനം പറന്നു പറന്നു വന്നു.....“
കട്ടിലില്‍ കൂട്ടിയിട്ട രണ്ട് തലയിണകളില്‍ ചാരിക്കിടന്ന് ദേവന്‍ പതിയെ പാടുകയാണ്.
പുറത്ത് മഴ ചാറി ചാറി പെയ്യുന്നുണ്ടായിരുന്നു
ഹോസ്റ്റല്‍ മുറിയിലെ മേശയില്‍ ചാരി കിടന്ന് ജനലിലൂടെ ഞാനാ മഴയെ നോക്കികിടന്നു
മഴയ്ക്ക് ഒരു പ്രത്യേക ഫീലാ... ല്ലേ അളിയാ..”
പട്ട് നിര്‍ത്തി അവന്‍ എന്നെ നോക്കി.
“അതെന്താ അളിയാ ഇത്ര നാളും ഇല്ലാത്ത ഒരു ഫീല്‍ ഇപ്പോ “
ഞാന്‍ കൈത്തണ്ടയില്‍ മൂക്ക് തുടച്ചു.
"ഹല്ല ഇന്നെന്തോ... ഒരു പ്രത്യേകത “
“നീ ആ കൊച്ചുപുസ്തകത്തിന്റെ പേജ് ആഞ് തപ്പുന്നതു കണ്ടപ്പോഴേ എനിക്കു തോന്നിയതാ ഇന്നെന്തെങ്കിലും ഫീലുമെന്ന്. ആ ഫീല് മാറ്റാനുള്ള മരുന്ന് എന്റേലില്ല മോനേ...
“നീയാ കുരുവിള കുഞാടിന്റെ റൂമീ പോയ് നൊക്ക് അവന്‍ പട്ടം കിട്ടീപ്പോ ഒരു കുടുക്ക നിറയെ കടുക്ക വാറ്റികൊണ്ടുവന്നിട്ടുണ്ടെന്നു കേട്ടു.പോയ് നോക്ക്. " ഒരു ശമനത്തിന്.“
നീ പോടാ മാക്രീ... ദേവന്‍ അലറി
ഞാന്‍ മേശമേലിരുന്ന സ്റ്റിക്കിന്റെ പേന അവന്റെ നേരെയെറിഞു.
ദേവന്റെ നടുമ്പുറത്ത്നിന്ന് തെറിച്ച പേന നിലത്ത് നിന്ന് കുനിഞെടുത്ത് പപ്പന്‍ എന്റെ നേരെ തിരിഞു.
"നീയൊക്കെ ഇവിടെ കുട്ടീം കോലും കളിച്ച് കിടന്നോ, അവിടെ കുഞാടിനു പട്ടം കിട്ട്യേതിന്റെ ആഘോഷം തുടങി..."
"ങേ... ബിയറുണ്ടോ അളിയാ"... ദേവന്‍ എഴുന്നേറ്റു.
"ബിയറു മാത്രമല്ല മോനേ സതീശന്‍ കൊണ്ടുവന്ന നല്ല കശൂമാങ വാറ്റുമുണ്ട്."
ഹമ്മ.
കട്ടിലിനു മുകളിലൂടെ സ്ക്കൈ ഡൈവ് ചെയ്ത് പപ്പനെ തട്ടി താഴെയിട്ട് ഞാനും ദേവനും ഐസക്കിന്റെ റുമിലേയ്ക്ക് ഓടുമ്പോ നിലത്ത് കിടന്ന് ഹരിവരാസനം പാടുന്ന പപ്പന്‍.
“ഒരു മുട്ടനാടിനെ പിടിച്ച് കുഞാടാക്കിയതിന്റെ ആഘോഷം ഞാന്‍ ഉദ്ഘാടിക്കുന്നു...“
ബിയര്‍ കുപ്പി കയ്യിലുയര്‍ത്തിപ്പിടിച്ച് പപ്പന്‍.
“ഇടവകയിലെ സകല പെണ്ണുങള്‍ക്കും ഇനി നീ അപ്പവും വീഞും വിളമ്പൂ മകനേ... പണ്ട് നീ പൂവും ലെറ്ററുമാണല്ലോ കൊടുത്തിരുന്നേ...“
അളിയാ വെള്ളം തീര്‍ന്നെടാ....
കശുമാങ വാറ്റിന്റെ അവസാന തുള്ളിയും വാറ്റിയൊഴിക്കുന്ന സതീശന്‍ കാലിയായ കൂജ നോക്കി പറഞു.
"അതിനെന്താ അളീയാ വെള്ളമല്ലേ ഇത്."
ഐസക്കിന്റെ മേശമേലിരുന്ന മാതാവിന്റെ പ്ലാസ്റ്റിക്ക് പ്രതിമയ്ക്കുള്ളില്‍ നിറയെ വെള്ളം.
"ഡാ അത് വേളാങ്കണ്ണീന്ന് കൊണ്ടുവന്ന സ്നാന ജലമാ...പുണ്ണ്യജലം അതെടുക്കരുതെടാ..
ഐസക്ക് കട്ടിലില്‍ നിന്ന് ചാടിയെണീക്കാന്‍ ശ്രമിച്ചു
അതിനു മുന്‍പേ സതീശന്‍ അത് തുറന്ന് ഗ്ലാസ്സിലേയ്ക്ക് കമിഴത്തിയിരുന്നു.
ഈശോയേ.... ഐസക്ക് തലയില്‍ കയ്യും വച്ച് കട്ടിലിലേയ്ക്കിരുന്നു.
“മാതാവേ.... കലിപ്പെടുത്ത് വാളുവെപ്പിക്കരുതേ...” വലിയ്ക്കുന്നതിനിടയില്‍ സതീശന്റെ പ്രാത്ഥന.
കൂട്ടച്ചിരി ഹോസറ്റല്‍ മുറിയില്‍ നിന്നും എക്കോ പരത്തി ഇടനാഴിയിലേയ്ക്ക്.....
ആഘോഷങളുടെ, തമാശകളുടെ, പാരവെയ്പ്പുകളുടെ അങനെ അങനെ ജീവിതത്തിന്റെ നല്ല നിമിഷങളുടെ തിളക്കങളില്‍ ആറാടിയ കോളേജ് ജീവിതം.
ഞാനും ദേവനും, പപ്പനും ഒരേ റൂമില്‍ വര്‍ഷങളുടെ പഴക്കമുള്ള സൌഹ്രുദം...
ഒരു ദിവസം രാവിലെ തങ്കമണി മാഡത്തിന്റെ ക്ലാസ്സ് കട്ട് ചെയ്ത് കാന്റീനിലേയ്ക്ക് വച്ചു പിടിക്കുമ്പോ ലൈബ്രറിയുടെ വരാന്തയില്‍ ഒരു പൊന്‍ ചന്തനക്കുറി പോലെ അവള്‍.
ഉമ.
പട്ടു പാവാടയില്‍ പൊതിഞ് , നീണ്ട് മുടിയിഴകള്‍ക്കിടയില്‍ തുളസിക്കതിര്‍ വച്ച്. ഇളം കതിരു പോലെ ഒരു പെണ്‍കൊടി.
“എന്തേ ഉമേ കണ്ണുകള്‍ കലങീട്ടുണ്ടല്ലോ..“
കോണ്‍ക്രീറ്റ് തൂണിനു മറവില്‍ നിന്ന് ചിണുങുന്ന ഉമ എന്നെ നോക്കി..
ഞാന്‍ അടുത്തേക്ക് ചെന്നു
“ഇന്ന് ആരാ ഉമേ കളിയാക്കിയേ..?
അവള്‍ കലങിയ കണ്ണുകള്‍ കൈത്തലം കൊണ്ട് തുടച്ചു.
“പോട്ടെ ഇന്നെന്താ കുറിമാനത്തില്‍..? നോക്കട്ടെ !!
അവള്‍ ചുരുട്ടിപ്പിടിച്ച വലതു കൈ തുറന്ന് എന്റെ നേരെ നീട്ടി.
ചുക്കിചുളിഞ ഒരു ചെണ്ടുമല്ലിപ്പൂവും ഒപ്പം ചുവന്ന ഒരു തുണ്ടു കടലാസും.അതില്‍ വടിവൊത്ത അക്ഷരങളില്‍ ഒരു വരി.
"ഉമേ കരിവളകള്‍ പണ്ടേ എനിക്കിഷ്ട്ടമല്ല. ഇപ്പോ നിന്റെ കയ്യില്‍ കരിവളകള്‍ കാണുമ്പോ സങ്കടം തോനുന്നു."
“ബെസ്റ്റ്... ഇവനു ഏതെങ്കിലും കരിവളക്കാരിയുടെ കയ്യീന്ന് നല്ല തല്ലുകിട്ടിക്കാണും.
അല്ലേ ആരെങ്കിലും കരിവള ഇഷ്ട്ടമല്ലെന്നു പറയോ...
അല്ലേ ഉമേ...!!
കടലാസ് കഷണത്തീന്ന് കണ്ണെടുത്ത് ഞാന്‍ നോക്കുമ്പോ അവള്‍ ചാരി നില്‍കുന്ന തൂണിനു താഴെ പൊട്ടിക്കിടക്കുന്ന കുപ്പിവളകള്‍..
“അതു ശരി എന്താ മകളേ ഇത് !!!
ഞാനൊരു കുപ്പിവളച്ചില്ല് കുനിഞെടുത്തു.
മഷിപ്പാട് മാഞ കണ്ണുകളില്‍ ഒരു മിന്നല്‍പ്പിണര്‍.
“ഹമ്പടി കുഞാത്തോലേ,,അപ്പോ ഇതായിരുന്നല്ലേ മനസിലിരിപ്പല്ലേ. ഗോള്ളാം ...”
“എന്തായാലും നന്നായി ഉമേ
“നിന്നെ ഇത്രയും സ്നേഹിക്കുന്ന ഒരാള്‍ ഈ ഭൂലോകത്തേ വേറെയുണ്ടാവാന്‍ ചാന്‍സില്ല.
ഡെയ്ലി ആരുടേയോ പൂന്തോട്ടത്തില്‍ നിന്നും അടിച്ചു മാറ്റുന്ന പൂവും, വര്‍ണ്ണക്കടലാസിലെഴുതിയ സ്നേഹവും. .അത് ആരും കാണാതെ നിന്റെ സൈക്കിളില്‍ കൊണ്ട് വെയ്ക്കാനുള്ള എഫര്‍ട്ടും. കൊള്ളാം..”
“പക്ഷേ ഇവനെന്തൊരു ക്ണാപ്പനാ“.. ഒളിച്ചിരിക്കാതെ ഒന്ന് വെളിച്ചത്ത് വന്നൂടെ,
അവളുടെ കണ്ണിലെ തിളക്കം പതിയെ ചുണ്ടുകളില്‍ പൂത്തുതുടങുന്നു.... മറ്റൊരു പുലരി പോലെ.
“എന്തായാലും നീ വാ ഉമേ. ചലോ ടു കാന്റീന്‍“.
ചായ എന്റെ വക.“
അവനെ ഓര്‍ത്തിട്ടാണെങ്കിലും ഇത്രേം നല്ലൊരു പുഞ്ചിരി എനിക്കു തന്നതല്ലേ.“
കാന്റീനിലേക്ക് നടക്കുമ്പോ ഞാനോര്‍ത്തു.
രണ്ട് കൊല്ലം മുന്‍പാണ് ആദ്യമായ് ഉമയുടെ സൈക്കിള്‍ ഹാന്റ് കാരിയറില്‍ ഒരു പൂവും കുറിമാനവും കണ്ടത്. അന്ന് ഇടവപ്പാതി മഴ പോലെയായി അവളുടെ കണ്ണുകള്‍. എത്ര പാടു പെട്ടാണ് ആ കരച്ഛിലൊന്ന് നിറുത്തിയത്.
പിന്നെ അത് പതിവായ്....
എന്നും സൈക്കിള്‍ കാരിയര്‍ ബാഗില്‍ പൂവിനൊപ്പം ഒരു വരിയിലെഴുതിയ സ്നേഹം.
ആരാണെന്ന് വെളിപ്പെടുത്താതെ, മുടങാതെ എന്നും...
കരച്ചിലിന്റെ വോളിയം പതിയെ കുറഞു കുറഞു വന്നു. പിന്നെ ആരെങ്കിലും കളിയാക്കിയാ ചാറ്റല്‍ മഴ പോലെ ചിണുങലുകള്‍. ഇന്നും ആരെങ്കിലും കളിയാക്കി കാണും,
കാന്റീനില്‍ കുമാരേട്ടന്റെ ചായയില്‍ ലയിച്ചിരിക്കുമ്പോ ഞാന്‍ ഉമയോട് പതിയെ ചോദിച്ചു
“എന്നാ ഉമേ ദേഷ്യം മാറി സ്നേഹം തുടങിയേ...?
അവളുടെ കണ്ണുകള്‍ ആര്‍ദ്രമായ്.
"നിനക്കറിയോ വിനൂ.... കുറെ നാളുകള്‍ക്കു മുന്‍പ് വന്ന ഒരു കുറിപ്പില്‍ എഴുതിയിരുന്നത്
നിന്റെ പാദസ്വരങളുടെ കിലുക്കം കുറഞിരിക്കുന്നുവല്ലോ എന്ന്."
"അപ്പോഴാ ഞാന്‍ കാണുന്നത് എന്റെ പാദസ്വരങളിലെ മണികള്‍ പൊട്ടിപ്പോയിരുന്നു.
എന്നെ ഇത്രേം ശ്രദ്ദിക്കുന്ന ഒരാളെ എങനാടാ ഞാന്‍ സ്നേഹിക്കാതിരിക്കാ...?
അവളുടെ വാക്കുകളില്‍ നിറഞ സ്നേഹം.!! ഞാന്‍ ചായ മൊത്തി.
“ശരിയാ ഉമേ സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം. ഞാന്‍ പണ്ടേ ഈ ട്രാക്കില്‍ ഓടി തോറ്റവനാ..”
ഞാന്‍ ചായ ഗ്ലാസ്സ് കൈയിലിട്ടു തിരിച്ചു.
“നിനക്കാരെയാ ഉമേ സംശയം..? അങനെ ആരെങ്കിലും ഉണ്ടോ നിന്റെ മനസില്‍...?
“അറിയില്ല വിനൂ...എനിക്കു പണ്ട് നിന്നേം ഒരു ഡൌട്ടുണ്ടായിരുന്നു.
ങെ....എന്നെയോ...?
“ഇനി മരിച്ചാലും സാരല്ല്യ.. നിന്നെപ്പോലെ ഒരു കുട്ടി എന്നെ പറ്റി ഡൌട്ടടിച്ചു എന്ന് പറയുന്നതുതന്നെ ഒരു ഭാഗ്യമല്ലേ...“
ചിരികളില്‍ ചെമ്പക മെട്ടുകള്‍ വിരിഞു....
കാലം പിന്നെയും ബിയര്‍ ഗ്ലാസില്‍ പത നിറച്ചു, മാതാവിന്റെ രൂപം കുഞാടിന്റെ റൂമില്‍ നിന്നും സതീശന്റെ റൂമിലേയ്ക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു.
കോളേജിലെ തമാശകളിലും ഹോസ്റ്റല്‍ ദിനങളിലെ ഉന്മാദങളുമായ് ജീവിതം പിന്നെയും മുന്നോട്ട്.
മുത്തശ്ശിയുടെ മരണം കഴിഞ് തിരിച്ചു വന്ന ദിവസം രാത്രി ,
ഹോസ്റ്റല്‍ റൂമില്‍ ഞാനും ദേവനു മാത്രമായിരുന്നു. പപ്പന്‍ ഒരാഴ്ച്ചയായ് വീട്ടില്‍ പോയിട്ട്.
“ഇനി കുറച്ചു ദിവസങള്‍ കൂടി ഇവിടെ.... “പിന്നെ നമുക്കും വഴിപിരിയണം അല്ലേ ദേവാ...“
ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്ന ദേവന്‍ എന്റെ നേരെ തിരിഞു.
വാക്കുകള്‍ക്കിടയില്‍ നിശബ്ദത മാറാലകൂട്ടി...
ഞാനവന്റെ മുഖത്തേയ്ക്ക് നോക്കി.
“നാളെ പപ്പന്‍ വരും നമുക്ക് ഈ അവസന ദിവസങള്‍ കൂടി അടിച്ചു പൊളിക്കണം ദേവാ..
ഓര്‍മ്മയില്‍ വെയ്ക്കാന്‍ ഈ അവസാന നാളുകളില്‍ നിന്ന് എന്തെങ്കിലും കൂടി....അല്ലേ”
അവന്റെ കണ്ണുകള്‍ തിളങി...
“ഒന്നും നഷ്ട്ടപ്പെടുത്തരുതെടാ ഇവിടെ....
നഷ്ട്ടങള്‍ വേദനിപ്പിക്കും അതിനെ തോല്‍പ്പിക്കാന്‍ ഈ അവസാന ദിവസങളിലെ കുറച്ചു സന്തോഷങള്‍ കൂടി.“
കട്ടിലില്‍ കിടന്ന് കോളേജ് മാഗസീനില്‍ ഞാനെഴുതിയ കവിതയിലെ വരികള്‍ നോക്കിക്കൊണ്ടിരിക്കുമ്പോ ദേവന്‍ അടുത്തു വന്നിരുന്നു.
വിനൂ...
ഞനവന്റെ മുഖത്തേയ്ക്കു നോക്കി.
“നീയും പപ്പനും പറയാറില്ലേ എന്റെ മനസില്‍ എന്തോ ഉണ്ടെന്ന്..., ഏതോ ഒരു പെണ്‍കൂട്ടിയുണ്ടെന്ന്..“
ഞാന്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി
“അങനെയൊരാളുണ്ട്...
“ആരാദ്.... “ ഞാന്‍ കട്ടിലില്‍ എണീറ്റിരുന്നു.
അവള്‍.... ഉമ.”
അവന്‍ എന്റെ കണ്ണുകളില്‍ നോക്കിയിരുന്നു.
“ അതെങനാ അളിയാ ശരിയാവാ... സൈക്കിള്‍ ഹാന്റ് ബോക്സിലെ ഒരു അഞാത പ്രണയം അവിടെ കിടന്നു കളിക്കല്ലേ... അവള്‍ക്കാണേ അവനോട് ഒരു ഇഷ്ട്ടവും തോന്നിത്തുടങിയിട്ടുണ്ട്.”
അളിയാ....ഇനി നീയെങാനും ആണോടാ ആ അജ്ഞാതന്‍..”
സത്യം പറയെടാ....“ ഞാനവന്റെ വയറില്‍ കുത്തി.
“ഹേയ്... നീ തമാശ വിട് വുനൂ.. ഞാന്‍ സീരിയസ്സാ“
“എന്നാ അവള്‍ മനസില്‍ കേറിയേ എന്ന് ഓര്‍മ്മയില്ല...“
“ആരോടും പറയാതിരുന്നതും ..ആ സൈക്കിള്‍ ഹാന്റ് പ്രണയം അറിയാവുന്നതുകോണ്ടും കൂടിയാ...
പക്ഷേ അവളെ മറക്കാന്‍ വയ്യ.”
“നീ പറയ്, ഇനി ഞനെന്താ ചെയ്യണ്ടേ,,,”
“എന്തു ചെയ്യാന്‍... എനിക്കു തോനുന്നില്ല അവള്‍ക്ക് വേറൊരാളോട് ഇഷ്ട്ടം തോനുമെന്ന്.“
ഞാന്‍ ഒരു സിഗരറ്റിന് തീ കൊടുത്ത് പുക ജനലിലൂടെ പുറത്തേയ്ക്ക് ഊതി.
“ചിലപ്പോ അത് അവന്റെ വെറുമൊരു തമാശയാണെങ്കിലോ അല്ലെങ്കില്‍ ഇത്രേം നാളായിട്ടും അവന്‍ പുറത്ത് വരാതിരിക്കുമോ..?
അവന്റെ വാക്കുകളില്‍ ആശയുടെ തിളക്കം.
“അതും ശരിയാ... പക്ഷേ അവള്‍ക്കു കൂടി ഇഷ്ട്ടം തോന്നണ്ടേ അളിയാ...
അവളാണെങ്കി അവന്‍ വെളിച്ചത്തു വരുന്നതും കാത്തിരിക്കാ..” ഞാന്‍ ഒരു പഫ് കൂടെ എടുത്തു.
“ആ ആള്‍ ഞാനാണെന്നു പറഞാലോ..” ദേവന്റെ ശബ്ദത്തിന് നല്ല ബലം.
അതു വേണോ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ ദേവനെ നോക്കി.
“ഇനി മറ്റവന്‍ പുറത്തു വന്നാലോ ദേവാ...“
“ഇത്ര നാളും വരാത്തവന്‍ ഇനി വരാന്‍ പോണില്ല.” നാളെ ഞാനവളോട് പറയും. ദൈവം എന്റെ കൂടെയാണെങ്കി അവള്‍ എനിക്കുള്ളതാവും. “നീ നോക്കിക്കോ..”
ദേവന്റെ മോഹം ഞാനവന്റെ വാക്കുകളില്‍ കണ്ടു.
രാവിലെ അല്‍പ്പം വൈകിയാണ് ഞാന്‍ കോളേജിലെത്തിയത്, മലയാളം ഡിപ്പാര്‍ട്ടുമെന്റിനു താഴെയുള്ള മാവിന്‍ ചോട്ടില്‍ കടും പച്ച നിറത്തിലുള്ള പട്ടുപാവാടയുടുത്ത് ഉമ.
എന്താ ഉമേ രാവിലെതന്നെ മാവിനോടൊരു സല്ലാപം” ഞാനവളുടെ അടുത്തേയ്ക്കു ചെന്നു.
“ഹേയ് ഒന്നുമില്ല മാഷേ”
“ എന്താ നിന്റെ മുഖത്തൊരു പ്രകാശക്കുറവ്..?”
എന്തെങ്കിലും പ്രശ്നമുണ്ടോ..?
അവള്‍ ഒന്നും പറയാതെ കയ്യിലെ കടലാസു കഷ്ണം എന്റെ നേരെ നീട്ടി.
ചുവന്ന അക്ഷരങളില്‍ ആ രണ്ടു വരികള്‍.
ഉമേ... ഹ്ര് ദയം മുഴുവന്‍ നിന്നോടുള്ള സ്നേഹമാണ്. ശ്വാസം പോലും നീയായ് മാറുന്നതിന്റെ സുഖം ഞാനറിയുന്നു.”
ഞാനാ കടലാസിലെ അക്ഷരങളില്‍ തൊട്ടു..
ഈശ്വരാ ഇത് ചോരയല്ലേ..
ഉമയുടെ കണ്ണുകളില്‍ നിന്നു രണ്ടുതുള്ളികളടര്‍ന്നു വീണു.
ഞാനെന്തെങ്കിലും പറയുന്നതിനു മുന്‍പേ അവള്‍ ആ കടലാസു കഷണവും തട്ടിപ്പറിച്ച് ഓടിയകന്നു.
കോണിപ്പടികള്‍ കേറുമ്പോ ദേവന്‍ മുന്നില്‍ വന്നു.
അളിയാ നീ അവളെ കണ്ടോ..? ഞാന്‍ ദേവനെ പിടിച്ചു മാറ്റി നിര്‍ത്തി.
“ഇല്ല അവളുടെ അടുത്തേയ്ക്കാ പോകുന്നേ...”
“എന്നാ നീ ഒരു കായം ചെയ്യ്.. ആ കയ്യ് വിരലൊന്ന് മുറിച്ച് ഒരു കെട്ടും കെട്ടിക്കോ... ഇന്ന് മറ്റേ ലവന്‍ രക്തം കൊണ്ടാ കുറിമാനം എഴുതിയിരിക്കുന്നേ “ ഞാനിപ്പോ അവളെ കണ്ടേ ഉള്ളൂ...
“ആണോ അവളെ കിട്ടാന്‍ ഞാന്‍ ഞെരമ്പു വരെ മുറിയ്ക്കും ...”
“അത്രയ്ക്കു വേണ്ട അളിയാ ആ പാവം അമ്മയ്ക്ക് ആകെയുള്ള സന്താനമല്ലേ നീ. അതു മാത്രമോ നീ വടിയായാ ഗിരിജ തിയ്യറ്ററില്‍ ഞെരമ്പ് പടത്തിന് കോട്ട തികയാതെവരില്ലേ “... ഞനവന്റെ കവിളില്‍ നുള്ളി.
“അപ്പോ ഓള്‍ ദി ബെസ്റ്റ് അളിയാ.... നീ വിട്ടോ.”
ദേവന്‍ എന്റെ കവിളില്‍ ഒരു ഉമ്മ തന്ന് വരാന്തയിലൂടെ ഓടി.
മുകളില്‍ ക്ലാസ്സ് മുറിയിലെ ജനലരികില്‍ പപ്പന്‍
“എന്തായീ പപ്പാ വീട്ടില്‍ പോയിട്ട്...? “ഭാഗം വച്ച് അമ്മാവന്മാരൊക്കെ പിരിഞോ..? നീയും അമ്മയും വല്ല്യമ്മാവന്റെ കൂടെ തറവാട്ടിലാവും അല്ലേ..” ഞാനവന്റെ അടുത്ത ഡെസ്ക്കില്‍ കയറിയിരുന്നു
അവന്‍ ഒന്നും പറഞില്ല ... ജനലിലൂടെ പുറത്തേയ്ക്ക് നൊക്കിയിരുന്നു.
സാരമില്ല പപ്പാ എല്ലാം ശരിയാകും” പിന്നെ ഇന്ന് ദേവന്‍ ഒരു കളി കളിക്കാന്‍ പോവാ ഉമ..”
“അവന്‍ പറഞു...” പപ്പന്‍ ഇടയില്‍ കയറി പറഞു.
“നീ അവനെ കണ്ടു അല്ലേ..ഇന്നെന്താവുമോ ആവോ..
എല്ലാം ഓക്കെ ആയാ ഡിഗ്രി കഴിയുമ്പോ അവരുടെ കല്ല്യാണം’ ഹൊ എനിക്കു വയ്യ” ഞാന്‍ ഡെസ്ക്കിലേയ്ക്ക് കിടന്നു.
ഡെസ്കില്‍ വച്ചിരുന്ന അവന്റെ കയ്യെടുത്തു മാറ്റുമ്പോ ഞാന്‍ കണ്ടു അവന്റെ വലതു കയ്യിലെ ചൂണ്ടു വിരല്‍ തുമ്പില്‍ ഒരു ചെറിയ കെട്ട് അതില്‍ ചോര കിനിഞ നിറവും.
എന്റെയുള്ളില്‍ ഒരു വെള്ളിടി വെട്ടി. ഞാന്‍ ചാടിയെണീറ്റു.
കുനിഞിരുന്ന പപ്പന്റെ തല ഞാനുയര്‍ത്തി, അവന്റെ കണ്ണുകള്‍ നിറഞിരിക്കുന്നു.
പപ്പാ...നീയായിരുന്നോ.. ഉമയ്ക്ക്... .” ?
അവന്‍ പതിയെ തലയാട്ടി, അവന്റെ കണ്ണുകാളില്‍ നിന്ന് രണ്ട് വജ്രത്തുള്ളികള്‍ അടര്‍ന്നു വീണു.
“പപ്പാ.... എന്റെ ശബ്ദം പതറിയിരുന്നു.
എന്റെ കയ്യില്‍ പിടിച്ച് അവന്‍ ഏന്തിയേന്തി കരഞു.
ഞാന്‍ ജനലിലൂടെ താഴേയ്ക്ക് നോക്കി.
താഴെ ചെമ്പകമരചുവട്ടില്‍ ദേവനും ഉമയും നില്‍ക്കുന്നു.
ഞാന്‍ പപ്പനെ തള്ളിമാറ്റി ഡെസ്ക്കിനു മുകളിലൂടെ ചാടിക്കയറി പുറത്തേയ്ക്കോടി. കോണിപ്പടികള്‍ ഓടിയിറങുമ്പോഴേയ്ക്കും പിറകെ ഓടി വന്ന പപ്പന്‍ എന്നെ പിടിച്ചു നിര്‍ത്തി.
വിട് ..” ഞാന്‍ കുതറി.
“നീ എങോട്ടാ..“
പാടില്ല പപ്പാ ദേവന്‍ അവളോടത് പറയാന്‍ പാടില്ല... നീ വിട്.
“ഇല്ലളിയാ ഞാന്‍ വിടില്ല ... അവന്‍ പറയട്ടെ അവളോട്... അവന്‍ തന്നാ പറയേണ്ടത്.”
അവന്‍ എന്നെ ചുമരിനോട് ചേര്‍ത്തുനിര്‍ത്തി.
“പപ്പാ നീയെന്താ ഈ പറയണേ..“
“ഞാന്‍ പറയുന്നതു നീയൊന്ന് കോള്‍ക്ക് ....ഒന്നോര്‍ത്ത് നോക്ക്യേടാ,,, എന്തു കൊണ്ടും എന്നേക്കാള്‍ നല്ലത് അവള്‍ക്ക് അവന്‍ തന്നെയല്ലേ..എല്ലാം കൊണ്ടും. പണം,വീട്, പിന്നെ സ്നേഹം മാത്രമുള്ള ഒരു അമ്മ എല്ലാം ....
"നീ എന്നെ നോക്ക് എന്തുണ്ടെടാ എന്റെ കയ്യില്‍ ..
വെറുമൊരു കോമളി.., സ്വന്തമായ് എന്തുണ്ട് ... ഒരു വീടു പോലുമില്ല അമ്മാവന്റെ വീട്ടില്‍ ഔദാര്യം കൊണ്ടുള്ള താമസം, അച്ചനെ കണ്ട ഓര്‍മ്മ പോലുമില്ല അതെല്ലാം പോട്ടെ മൂന്നുകൊല്ലം ഒരേ മുറിയില്‍ ഒരേ മനസുമായ് ജീവിച്ചിട്ട് ഇപ്പോ അവന്റെ ഏറ്റവും വല്ല്യ ആഗ്രഹത്തിന് തടസമായ് നിന്നാ പിന്നെ എന്തു ഫ്രണ്ട്ഷിപ്പാടാ നമ്മുടെ.... ഇത് മുടങിയാ പിന്നെ എന്നെന്നേയ്ക്കുമായ് നമ്മുടെ സൌഹ്ര്ദവും നഷ്ട്ടപ്പെടും. അതു വേണോ..?”
എന്റെ ഷര്‍ട്ടില്‍ നിന്നുള്ള് പിടിവിട്ട് അവന്‍ പുറകോട്ടുമാറി നിന്ന് കിതച്ചു.
ദേവന്റെ ഉമ... ഇനി അങനെ മതി “ അവന്‍ ഒന്നു ചിരിക്കാന്‍ ശ്രമിച്ചു.
പിന്നെ വീണ്ടും പതിയെ പറഞു “ നമ്മളല്ലാതെ ഇനി വേറെയൊരാളിതറിയണ്ട “
പപ്പാ..” ഞാനവന്റെ തോളില്‍ പിടിച്ചു.
കരച്ചിലിനും ചിരിയ്ക്കുമിടയിലുള്ള ഏതോ ഒരു ഭാവം ഞനവന്റെ മുഖത്തുകണ്ടു.
ഇടവേളകളില്ലാതെ വര്‍ഷങള്‍ പിന്നെയും കടന്നുപോയ്.
ദേവന്റെയും ഉമയുടേയും അഞ്ചാം വിവാഹ വാര്‍ഷീകത്തിന്റെ ക്ഷണവുമായ് ദേവന്റെ കോള്‍ എന്നെത്തേടിയെത്തി.
“നമ്മുടെ പഴയ ടീം എല്ലാരുമുണ്ട് നീ വന്നേ പറ്റൂ..”
കോഴിക്കോട് ട്രൈയിനിറങുമ്പോ എന്നെയും കാത്ത് സ്റ്റേഷനില്‍ പപ്പന്‍ നില്‍പ്പുണ്ടായിരുന്നു.
അഞ്ചു വര്‍ഷത്തെ മാറ്റങള്‍ അവന്റെ രൂപത്തിലും ഞാന്‍ കണ്ടു.
കട്ടിയുള്ള താടിയും, നീണ്ട ജുബ്ബയുമൊക്കെയിട്ട് ഒരു പത്രപ്രവര്‍ത്തകന്റെ എല്ലാ ലക്ഷണങളോടും കൂടി അവന്‍.
കൊലുന്നനെയുള്ള രൂപവും, വലിയ കണ്ണുകളും എപ്പോഴും ചിരിച്ച മുഖവുമായിരുന്ന അവന്റെ ആ പഴയ രൂപം ഓര്‍മ്മയില്‍ തെളിഞു.
ഹോസ്റ്റല്‍ റൂമിലെ കട്ടിലിനു മുകളില്‍ കയറി നിന്ന് പ്രസഗം പരിശീലിച്ചിരുന്ന, സതീശന്‍ കൊണ്ടുവന്നിരുന്ന പട്ടയടിച്ച് ടെറസിനുമുകളില്‍ കിടന്ന് ഉറക്കെ പാട്ടുകള്‍ പാടിയിരുന്ന ഞങളുടെ പപ്പന്‍.
അളിയാ....”
അവനെ കെട്ടിപ്പിടിച്ചപ്പോള്‍ കണ്ണുകളില്‍ ഓര്‍മ്മയുടെ നനവ്.
“എന്നെത്തി നീ ഡെല്‍ഹീല്‍ നിന്ന്..“ പപ്പന്റെ താടിയില്‍ പിടിച്ച് ഞാന്‍ വലിച്ചു
“ഒരാഴച്ചയായ് അളിയാ ..
ഡെല്‍ഹി നിന്നെ ദത്തെടുത്തോ പപ്പാ...ആകെ മൊത്തം ഒരു ഡല്‍ഹി വാലാ ആയ ലുക്ക്.
പപ്പന്റെ കാറില്‍ ദേവന്റെ വീട്ടിലേയ്ക്ക്.
കൊട്ടാരം പോലെയൊരു വീട്ടില്‍ നിറഞ സന്തോഷത്തൊടെ ദേവനും ഉമയും.
പഴയ കൂട്ടുകാരെല്ലാം വീണ്ടും.
സതീശനും, ചൂണ്ടയും, പരിപ്പും , ഫാ. കുഞാടും എല്ലാം പഴയ പോലെ.
വിസ്കിയുടെ ചൂടില്‍ സതീശന്‍ ഫാദര്‍ കുഞാടിനെ കളിയാക്കി ആ പഴയ പാട്ട് വീണ്ടും പാടി
“ കര്‍ത്താവേ ഞാന്‍ ഭര്‍ത്താവില്ലാതേഴും പെറ്റേ...
കര്‍ത്താവിന്റെ കാരുണ്യം കൊണ്ടേഴും ചത്തേ...”
പൊട്ടിച്ചിരികളില്‍ അഞ്ചു വരഷത്തെ ഇടവേളകള്‍ ചിതറിത്തെറിച്ചു.
വീട് നടന്നു കാണിയ്ക്കുന്നതിനിടയ്ക്ക് ഞാന്‍ ഉമയോട് ചോദിച്ചു
“എന്താ ഉമേ അഞ്ചാം വിവാഹ വാര്‍ഷീകത്തിന് ദേവന്‍ തന്ന സമ്മാനം ..”
വൈരമാലയോ അതോ കാഞ്ചീപുരം പട്ടോ...” ?
“സമ്മാങള്‍ ഒരുപാടുണ്ട് വിനൂ
സ്വര്‍ണ്ണവും, പട്ടും, രത്നവുമൊക്കെ...എന്റെ ഭാഗ്യം എന്താണെന്നറിയോ...”
“ഇന്നും അവന്‍ എന്നെ പ്രണയിക്കുന്നു വിവാഹം കഴിഞ് അഞ്ചു വര്‍ഷമായിട്ടും, ഓരോ നിമിഷവും എന്നെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നു. ഏതോ ജന്മത്തില്‍ ചെയ്ത പുണ്യം ഞാനിപ്പോ അനുഭവിക്കാ... ”
സന്തോഷം കൊണ്ടവളുടെ കണ്ണുനിറഞു..
ഏത് വിലപിടിച്ച സമ്മാനത്തേക്കാളും കൂടുതല്‍ ഞാന്‍ സൂക്ഷിക്കുന്ന ദേവന്റെ സ്നേഹം നിനക്കു കാണണോ....
എന്നെയും കൂട്ടി അവള്‍ മറ്റൊരു റൂമിലേയ്ക്ക് നടന്നു
അലമാരിയില്‍ നിന്ന്‍ ഒരു പളുങ്ക് പെട്ടിയെടുത്ത് എന്റെ മുന്നില്‍ വച്ച് പതിയെ തുറന്നു.
അതില്‍ നിറയെ
വാടിക്കരിഞ പൂവിതളുകള്‍.. വര്‍ണ്ണക്കടലാസുകളില്‍ സ്നേഹക്കുറിപ്പുകള്‍.
എന്റെ ചെവിയില്‍ പഴയൊരു തേങലിന്റെ അലകള്‍ മൂഴങി.
നിറഞ കണ്ണുകളോടെ അവളാ പളുങ്ക് പെട്ടിയെടുത്ത് നെഞ്ചോട് ചേര്‍ത്തുവച്ചു
ഒന്നും പറയാതെ ഞാനാ മുറിയീല്‍ നിന്നിറങി
മുന്നില്‍ ആ വലിയ ഹാളിന്റെ മൂലയില്‍ വച്ചിരുന്ന താജ്മഹലിന്റെ വെണ്ണക്കല്‍ ശില്‍പ്പത്തില്‍ കണ്ണും നട്ട് പപ്പന്‍ നില്‍ക്കുന്നു.
കണ്ണുകളില്‍ നിറഞ തുള്ളികള്‍ പതിയെ പതിയെ ആ രൂപം കാഴ്ച്ചയില്‍ നിന്നു മറച്ചു.
തിരിച്ചുള്ള യാത്രയില്‍ ഞാനോര്‍ത്തതു മുഴുവന്‍ കയ്യൊപ്പുകളെ കുറിച്ചാണ് നാം പോലുമറിയാതെ നമ്മുടെ ജീവിതത്തില്‍ കയ്യോപ്പ് ചാര്‍ത്തുന്നവരെക്കുറിച്ച്.
https://www.facebook.com/vingish.pandavas
--പാണ്ഡവാസ് --
2 comments:
ishtappett tta
Adipoli... Ithu vayich kazhiyumbol oru diffrnt mood... Nice work:)
Post a Comment